തെരുവുനായ കുറുകെ ചാടി റോഡ് അപകടങ്ങൾ വർധിക്കുന്നു
1339089
Friday, September 29, 2023 12:27 AM IST
ഒറ്റപ്പാലം: ഇരുചക്രവാഹനയാത്രക്കാർ ജാഗ്രതൈ, നായ്ക്കൾ വട്ടംചാടിയാൽ അപകടമുറപ്പ്. അത്യാവശ്യങ്ങൾക്ക് വാഹനങ്ങളുമായി പുറത്തിറങ്ങുന്നവർ ആളൊഴിഞ്ഞ റോഡുകളിൽ പോലും അമിതവേഗമില്ലാതിരിക്കാൻ ശ്രദ്ധിക്കണം.
ഏതുനിമിഷവും ഒരു തെരുവുനായ മുന്നിലേക്ക് എടുത്തുചാടിയെത്താം.
ഇരുചക്ര വാഹനത്തിന് മുമ്പിൽ വന്നു ചാടുന്ന ഇവ യാത്രക്കാരെ അപകടത്തിൽപ്പെടുത്തും എന്ന കാര്യം ഉറപ്പ്.
അമിതവേഗതിയിലാണ് സഞ്ചരിച്ചതെങ്കിൽ അപകടത്തിന്റെ ആഴവും കൂടും. പ്രധാന റോഡുകളിലെല്ലാം തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്.
ചളവറ, പനയൂർ, അനങ്ങനടി, ഒറ്റപ്പാലം, ലക്കിടി, പത്തിരിപ്പാല ഭാഗങ്ങളിലാണ് ശല്യം രൂക്ഷമായിട്ടുള്ളത്.
തെരുവുനായകൾ റോഡിന് കുറുകെ ചാടി ഇരുചക്രവാഹന യാത്രക്കാർക്കാണ് അപകടങ്ങൾ ഏറെ പറ്റുന്നത്. തെരുവുകളിൽ മാലിന്യം തള്ളൽ കൂടിതോടൊണ് തെരുവുനായ്ക്കൾ റോഡിൽ അലഞ്ഞു നടക്കുന്നത്.
ആളുകൾ ഇല്ലാത്തതുമൂലം ഇവ റോഡിൽ തന്നെയാണ് കൂട്ടംകൂടി നില്ക്കുന്നത്.
കടകളിലേക്കും മറ്റാവശ്യങ്ങളായും പോകുന്ന കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ് തെരുവുനായക്കൂട്ടം. റോഡിലൂടെ പോകുന്ന ബൈക്ക് യാത്രികരുടെ പിറകെ കൂടുന്ന പ്രശ്നവുമുണ്ട്.
ഇവയ്ക്ക് പുറമെ തീറ്റതേടി മയിലുകളും കുരങ്ങന്മാരും കൂട്ടംകൂടിയിരിപ്പുണ്ട്. റോഡുകളിലും കൃഷിയിടങ്ങളിലുമാണ് ഇവ ശല്യമുണ്ടാക്കുന്നത്.