ഭാരതപ്പുഴ സംരക്ഷണ പദ്ധതികൾ അട്ടിമറിക്കപ്പെടുന്നതായി വിമർശനം
1338844
Thursday, September 28, 2023 12:06 AM IST
ഷൊർണൂർ: ഭാരതപ്പുഴ സംരക്ഷണ പദ്ധതികൾ പ്രഖ്യാപനത്തിലൊതുങ്ങുന്നതായി വിമർശനം.ഉദ്യോഗസ്ഥൻമാരുടെ ഭാഗത്തു നിന്നും ശക്തമായ ഒരു നടപടികളും ഉണ്ടാകാത്ത സാഹചര്യമാണുള്ളതെന്ന് മുഹമ്മദ് മുഹ്സിൻ എം എൽ എ യുടെ സാന്നിദ്ധ്യത്തിൽ പട്ടാമ്പിയിൽ നടന്ന യോഗത്തിൽ ആക്ഷേപമുയർന്നു. യോഗങ്ങളും ചർച്ചകളും മാത്രമാണ് നിളയുടെ കാര്യത്തിൽ നടക്കുന്നതെന്ന് നിളയോര പഞ്ചായത്തുകളിലെ പഞ്ചായത്ത് അധ്യക്ഷന്മാർ, വാർഡ് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറിമാർ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ, പരിസ്ഥിതി പ്രവർത്തകർ, ഭാരതപ്പുഴ സംരക്ഷണ സമിതി ഭാരവാഹികൾ, വ്യാപാരി പ്രതിനിധികൾ, പോലീസ് എന്നിവരുടെ യോഗത്തിൽ ആക്ഷേപമുയർന്നു. പട്ടാമ്പി ടൗണിനോട് ചേർന്ന പുഴയുടെ തീരങ്ങളിലും സമീപ പഞ്ചായത്തുകളിലും വൻതോതിൽ മാലിന്യം തള്ളുന്നുണ്ട്.
തദ്ദേശ ഭരണ കൂടങ്ങളുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സമ്പൂർണ മാലിന്യമുക്ത കാന്പയിനുകളും ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നതിനു കുറവില്ലന്ന് യോഗം ചൂണ്ടിക്കാട്ടി.
പട്ടാമ്പി കിഴായൂർ നമ്പ്രം, മുതുതല പഞ്ചായത്തിലെ നമ്പ്രം കടവുകളിൽ വ്യാപകമായി മാലിന്യം തള്ളുന്നുണ്ട്. ജലഅഥോറിറ്റിയുടെ ശുദ്ധജല പദ്ധതികൾക്കു സമീപം മാലിന്യം തള്ളുന്നതിനാൽ മലിനജലമാണ് പ്രദേശത്തുകാർ കുടിക്കുന്നത്. പട്ടാമ്പിയിലെ മാലിന്യപ്രശ്നത്തിനെതിരെ നടപടികൾ സ്വീകരിക്കാൻ ലക്ഷ്യമിട്ടു പ്രഖ്യാപിച്ച മാലിന്യ സംസ്കരണ പ്ലാന്റ് എങ്ങുമെത്തിയില്ല. 120 കോടി രൂപയുടെ പ്ലാന്റ് നിർമാണത്തിനു സ്വന്തമായി സ്ഥലം കിട്ടാത്തതാണ് തടസം.
റവന്യുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം നോക്കുന്നുണ്ടെങ്കിലും റവന്യുവകുപ്പ് വിട്ടു നൽകാൻ തയാറാകാത്തതാണ് നടപടി നീളാൻ കാരണം. ഓങ്ങല്ലൂരിലും മാലിന്യ സംസ്കരണ പ്ലാന്റ് പണിതു പ്രശ്നത്തിനു പരിഹാരം കാണാൻ പഞ്ചായത്തിനു നീക്കമുണ്ട്. എന്നാൽ ഇവിടെയും സ്വന്തമായി സ്ഥലം വിട്ടു കിട്ടാത്തതാണ് വിലങ്ങു തടിയാകുന്നതെന്ന് പഞ്ചായത്ത് അധ്യക്ഷന്മാരും വാർഡ് അംഗങ്ങളും പരാതിപ്പെട്ടു. ജില്ലയിൽ ഏറ്റവും കൂടുതൽ ജലജന്യ രോഗങ്ങൾ ഉണ്ടാകുന്നത് പട്ടാമ്പിയിലാണെന്നാണ് കണ്ടെത്തൽ.
മഞ്ഞപ്പിത്തം പോലെയുള്ള രോഗങ്ങളും തന്മൂലം ഉണ്ടാകുന്ന മരണങ്ങളും പട്ടാമ്പിയിൽ നിന്നാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഭാരതപ്പുഴയിലേക്ക് മാലിന്യം തള്ളുന്നതിലൂടെ ശുദ്ധജല സ്രോതസുകളും പദ്ധതികളും മലിനമാകുന്നതാണ് പകർച്ച വ്യാധികൾ കൂടുന്നതിനു കാരണമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.