മഹാരാഷ്ട്രയിൽ നിന്നെത്തിയ തരൂരിലെ വയലറ്റ് വസന്തം
1338625
Wednesday, September 27, 2023 1:40 AM IST
ആലത്തൂർ : മഹാരാഷ്ട്രയിലെ പരമ്പരാഗത നെൽവിത്തിനമായ നസർ ബാത്ത് തരൂരിൽ വയലറ്റ് വസന്തം തീർക്കുന്നു.
തരൂർ കൃഷിഭവൻ പരിധിയിൽ തോട്ടിൻപള്ള പാടശേഖരത്തിൽ 25 സെന്റോളം വരുന്ന ദീപയുടെ പാടത്താണ് നസർ ബാത്ത് നെൽകൃഷി ഇറക്കിയത്. ഓലയ്ക്ക് കടുത്ത വയലറ്റ് നിറമാണുള്ളത്.
എന്നാൽ അരി മട്ടയാണ്. മൂപ്പ് ഏകദേശം 110-115 ദിവസമാണ്. ആന്റി ഒക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണിതെന്ന് ഈ കൃഷിയ്ക്ക് നേതൃത്വം നല്കുന്ന കൃഷി അസിസ്റ്റന്റ് മഹേഷ് ചിലമ്പത് പറഞ്ഞു.
കാലാവസ്ഥ പ്രതികൂലമായെങ്കിലും നല്ലരീതിയിൽ തന്നെ നെല്ല് വളർന്നു. കേന്ദ്ര സർക്കാർ പദ്ധതിയായ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിക്കുവാനുള്ള ശ്രമം നടന്നുവരുന്നതായി കൃഷി ഓഫീസർ റാണി ആർ. ഉണ്ണിത്താൻ പറഞ്ഞു.