കരടിയോട് കാട്ടാനകൾ കൃഷി നശിപ്പിച്ചു
1337701
Saturday, September 23, 2023 1:45 AM IST
മണ്ണാർക്കാട്: കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ തിരുവിഴാംകുന്ന് കരടിയോട് തോട്ടപ്പായി മേഖലകളിൽ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ പുലർച്ചെ ഇറങ്ങിയ കാട്ടാനകൾ ഇരിക്കാലിക്കൽ ബക്കറിന്റെ തെങ്ങ്, റബർ, കവുങ്ങ് തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. 30 വർഷത്തിലധികം പഴക്കമുള്ള തെങ്ങുകളാണ് കാട്ടാനകൾ നശിപ്പിച്ചിരിക്കുന്നത്. ടാപ്പിംഗ് നടത്തുന്ന റബർ മരങ്ങളും നശിപ്പിച്ചിട്ടുണ്ട്.
തെങ്ങും കവുങ്ങും നശിപ്പിച്ചിട്ടുണ്ടെങ്കിലും ഭക്ഷിച്ചിട്ടില്ലെന്ന് ബക്കർ പറയുന്നു. കാട്ടാനകൾ നാട്ടിലിറങ്ങി സ്വൈരവിഹാരം നടത്തുന്നതിനിടെ കൃഷികൾ വ്യാപകമായി നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണത്തിനുവേണ്ടി മാത്രമല്ല ഇവ കൃഷികൾ നശിപ്പിക്കുന്നത് എന്നാണ് കർഷകർ പറയുന്നത്. ഒരു ദിവസം ഇറങ്ങുന്ന കാട്ടാനകൾ വ്യാപകമായാണ് കൃഷികൾ നശിപ്പിക്കുന്നത്.
കാട്ടാനകൾ നാട്ടിൽ ഇറങ്ങാതിരിക്കാൻ വനാതിർത്തിയിൽ വൈദ്യുതി കമ്പിവേലി സ്ഥാപിക്കുന്നതിന് പുറമേ ഓരോ കൃഷിയിടത്തിന് ചുറ്റും വൈദ്യുതി കമ്പിവേലി നിർമിക്കുന്നതിനുള്ള നടപടി ഉണ്ടാവണം. ഇതിന് കർഷകരെ സഹായിക്കാൻ ഫണ്ട് അനുവദിക്കണം. വന്യമൃഗങ്ങൾ നശിപ്പിക്കുന്ന കൃഷിക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.