കന്നിമാസം വന്നുചേർന്നാൽ... ജാഗ്രതൈ !
1337082
Thursday, September 21, 2023 12:52 AM IST
വി. അഭിജിത്ത്
പാലക്കാട്: ‘കന്നിമാസമെത്തിയോ എന്നറിയാൻ നായകൾക്കു കലണ്ടർ നോക്കേണ്ട കാര്യമില്ല’. മലയാള സിനിമയിലെ പ്രശസ്തമായൊരു ഡയലോഗാണിത്. നായകൾ കലണ്ടർ നോക്കാറില്ലെങ്കിലും നമ്മൾ മനുഷ്യരൊന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും. അത്രയേറെ രൂക്ഷമാണ് ഓരോ നാട്ടിലും തെരുവുനായ്ക്കളുടെ വിളയാട്ടവും ആക്രമണവും. രാത്രിയും പകലും ഒരുപോലെ വിലസി നടക്കുന്ന തെരുവുനായ്ക്കൾ പലയിടത്തും ഭീതിവിതയ്ക്കുകയാണ്.
കന്നിമാസം പൊതുവേ നായ്ക്കളുടെ പ്രജനന മാസമായാണ് അറിയപ്പെടുന്നത്. ആ സീസണിൽ പൊതുവേ നായ്ക്കളിൽ ആക്രമണസ്വഭാവവും ഉയരും. കഴിഞ്ഞ വർഷവും സെപ്റ്റംബർ-ഒക്ടോബർ കാലയളവിലായിരുന്നു കേരളത്തിൽ വ്യാപകമായ രീതിയിൽ തെരുവുനായ ആക്രമണങ്ങൾ ഉണ്ടായതെന്നും ചേർത്തുവായിക്കണം.
2030ഓടെ രാജ്യത്ത് നിന്ന് പേവിഷബാധ പൂർണമായും നിർമാർജനം ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം നിലനിൽക്കുന്പോഴും തെരുവുനായ ആക്രമണത്തിന്റെ കണക്ക് ഓരോ വർഷവും കൂടി വരുകയാണ്.
എങ്ങുമെത്താതെ
നിയന്ത്രണ പദ്ധതികൾ
ഒക്ടോബർ,നവംബർ മാസങ്ങളാകുന്പോൾ വീണ്ടും നായ്ക്കൾ പെറ്റു പെരുകും. തെരുവുനായ നിയന്ത്രണത്തിന് ദീർഘകാല പദ്ധതികൾ ഇല്ലെന്ന് അധികൃതർ. തദ്ദേശസ്വയംഭരണ വകുപ്പിന്റെ വാക്സിനേഷൻ യജ്ഞംപോലും ഫണ്ടിന്റെ അപര്യാപ്തത മൂലം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. വാക്സിനേഷൻ ഉറപ്പാക്കാനും വന്ധീകരണം നടപ്പാക്കാനും പദ്ധതികൾ നടപ്പാക്കുക എന്നതായിരുന്ന സർക്കാരെടുത്ത തീരുമാനങ്ങൾ. ആക്രമണകാരികളായ തെരുവുനായ്ക്കളുള്ള പ്രദേശങ്ങളെ പ്രത്യേക ഹോട്ട്സ്പോട്ടായി തരംതിരിച്ച് കാര്യക്ഷമമായ പദ്ധതികൾ നടപ്പിലാക്കും എന്നതായിരുന്നു അധികൃതർ പറഞ്ഞിരുന്നത്.
നിയന്ത്രണത്തിലെ
വെല്ലുവിളികൾ
പേവിഷ ബാധ ഏല്ക്കുന്നത് പ്രധാനമായും തെരുവുനായ ആക്രമണത്തിൽ നിന്നാണെന്ന ധാരണ സമൂഹത്തിൽ ഉണ്ട്. എന്നാൽ തെരുവുനായകളെ പോലെ തന്നെ വാക്സിനേഷൻ സ്വീകരിക്കാത്ത വീട്ടിലെ വളർത്തു മൃഗങ്ങളും പേവിഷ ബാധയ്ക്ക് കാരണമാകുമെന്നാണ് അധികൃതർ പറയുന്നത്. തെരുവുനായകളെ പിടികൂടുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങളിൽ നിന്നും അപേക്ഷ സ്വീകരിച്ചെങ്കിലും പല സ്ഥലത്തും പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണുള്ളത്. കായിക ക്ഷമതയുള്ള യുവാക്കളെയാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ഏറെ അപകട സാധ്യതയുള്ളതിനാൽ യുവാക്കൾ ഇതിലേക്ക് ഇറങ്ങാൻ താല്പര്യം കാണിക്കുന്നില്ലെന്നതും വസ്തുതയാണ്.
നിലവിൽ ജില്ലയിൽ തന്നെ ആകെ 12 നായപിടുത്തക്കാർ മാത്രമാണുള്ളത്. എല്ലാ തെരുവുനായകളെയും പിടികൂടി വാക്സിനേഷൻ നല്കാൻ ഇവരുടെ സേവനം മതിയാകുന്നില്ല. പാലക്കാട്, ചിറ്റൂർ, ആലത്തൂർ, ഒറ്റപ്പാലം എന്നീ സ്ഥലങ്ങളിൽ തെരുവുനായകളെ പിടികൂടാനും വാക്സിനേഷൻ നല്കിയ ശേഷം തിരിച്ചുകൊണ്ടു വിടാനും മൂന്നുപേർ ഉൾപ്പെടുന്ന സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. ഇതു കണക്കിലെടുത്ത് 25 പേർക്ക് നായപിടുത്തത്തിൽ പരിശീലനം നല്കാൻ അതികൃതർ തീരുമാനിച്ചിട്ടുണ്ട്.
പേവിഷ ബാധ,
ജാഗ്രത വേണം
നായ്ക്കൾക്ക് പേവിഷബാധയുണ്ടെന്ന് സംശയം തോന്നിയാലോ, മനുഷ്യരെയോ, മൃഗങ്ങളെയോ കടിക്കുകയോ ചെയ്താലോ, കടിച്ച നായയെ പത്ത് ദിവസം കെട്ടിയിട്ട് സാധാരണ ഭക്ഷണം കൊടുത്ത് നിരീക്ഷിക്കണം. പേയുണ്ടെങ്കിൽ പത്ത് ദിവസത്തിനുള്ളിൽ നായ ചാവും. പേവിഷ ബാധ ഏൽക്കുന്നതിന്റെ നല്ലൊരു പങ്കും വീട്ടിൽ വളർത്തുന്ന വളർത്തു മൃഗങ്ങളിൽ നിന്നാണ്. തെരുവുനായകളെ പോലെ തന്നെ അപകടകാരികളാണ് വാക്സിനേഷൻ സ്വീകരിക്കാത്ത വളർത്തു മൃഗങ്ങൾ.
ഈ വർഷം ജനുവരി മുതൽ ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ഇതുവരെ പേവിഷ ബാധ പ്രതിരോധ വാക്സിനേഷൻ പൂർത്തിയാക്കിയത് 243 പൂച്ചകളിലും 2060 വളർത്തു നായകളിലും 220 തെരുവുനായകളിലുമാണ്.
വളർത്തുമൃഗങ്ങൾക്കും ലൈസൻസ്
വളർത്തു മൃഗങ്ങൾക്ക് ലൈസൻസ് നല്കുന്നത് പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാണ്. പട്ടി, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങൾക്ക് നിശ്ചിത ഫീസ് ഈടാക്കി വാക്സിനേഷൻ നല്കി നല്കുകയാണ് പതിവ്.
എന്നാൽ വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് കൃത്യമായ വാക്സിനേഷൻ നല്കാത്തവരും ധാരളമുണ്ടെന്നാണ് വെറ്റിനറി ആശുപത്രികളിൽ നിന്നു ലഭിക്കുന്ന വിവരം.