വീട്ടിലേക്കുള്ള വഴിയടച്ച് നിർമാണം നടത്തുന്നതായി പരാതി
1336822
Wednesday, September 20, 2023 12:55 AM IST
ഒറ്റപ്പാലം: വീട്ടിലേക്കുള്ള വഴിയടച്ച് നിർമാണ പ്രവൃത്തികൾ നടത്തുന്നതായി പരാതി.
ലക്കിടി മംഗലം മൂന്നുണ്ണി പറമ്പിൽ കൂത്തുമാടത്തിനടുത്തുള്ള സ്വകാര്യ സ്ഥലത്തിനു മുൻഭാഗത്തെ ഗേറ്റ് മറച്ചുകൊണ്ട് നടത്തുന്ന നിർമാണ പ്രവൃത്തിക്കെതിരേയാണ് സ്ഥലം ഉടമയായ യുവാവിന്റെ പരാതി.
പാർലി വീട്ടിൽ മണികണ്ഠൻ ആണ് മുഖ്യമന്ത്രിക്കും റവന്യൂ വിഭാഗത്തിനും കളക്ടർക്കും വിജലൻസ് മേധാവിയ്ക്കും പരാതി നൽകിയിട്ടുള്ളത്. ബിഎസ്എസിന്റെ അധീനതയിൽ നേരത്തെ ഉണ്ടായിരുന്നു എന്നു പറയുന്ന സ്ഥലത്തെ നിർമാണങ്ങൾ തന്റെ തകർന്ന വീട്ടിൽ നിന്നുള്ള സഞ്ചാരവഴി മുടക്കുകയാണെന്നും ഭൂമികൈയയേറ്റം നടന്നിട്ടുണ്ടെന്നുമാണ് പരാതി.
വർഷങ്ങൾക്കു മുൻപേ തങ്ങളുടെ അധീനതയിലുള്ള ഭൂമിയിലാണ് പ്രവൃത്തി നടത്തുന്നതെന്നാണ് ഭാരത് സേവക് സമാജ് അധികൃതരുടെ മറുപടി.
അടുത്തിടെ ജനപ്രതിനിധികൾ പങ്കെടുത്ത നിർമാണോദ്ഘാടന പരിപാടി നിർത്തിവയ്ക്കപ്പട്ട സംഭവവുമുണ്ടായി.
വില്ലേജ് ഓഫീസിൽ നിലവിൽ പരാതി ലഭിച്ചിട്ടില്ലെന്നും നേരത്തെ ഉണ്ടായിരുന്ന ഓഫീസറുടെ കാലത്താണ് നികുതി കുടിശിക അടക്കലും മറ്റും നടന്നിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു.
റവന്യൂ വിഭാഗത്തിലെ മേൽ ഓഫീസിൽനിന്ന് അന്വേഷണം വരുകയാണെങ്കിൽ നടപടി സ്വീകരിച്ച് റിപ്പോർട്ട് കൈമാറുമെന്നും ലക്കിടി ഒന്ന് വില്ലേജ് ഓഫീസർ എ. റജുല അറിയിച്ചു.