ശതാബ്ദി നിറവിൽ പുതിയങ്കം ഗവ യുപി സ്കൂൾ
1336402
Monday, September 18, 2023 12:41 AM IST
ആലത്തൂർ : ജില്ലയിലെ കാർഷിക ഗ്രാമമായ ആലത്തൂരിന്റെ വിദ്യാഭ്യാസ മോഹങ്ങൾക്ക് പുതിയ മാനം നല്കിയ ഗവ യുപി സ്കൂൾ ശതാബ്ദി ആഘോഷ നിറവിൽ. സ്കൂളിന്റെ ശതാബ്ദി ആഘോഷം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നാളെ നിർവഹിക്കും. കെ.ഡി. പ്രസേനൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ മുഖ്യാതിഥിയായി പങ്കെടുക്കും.
കാലത്തിന്റെ കാറ്റും കോളും പിന്നിട്ട് അതിന്റെ ജൈത്രയാത്ര തുടരുകയാണ് സ്കൂൾ. 1924ൽ ആരംഭിച്ച ഈ പ്രൈമറി വിദ്യാലയം ജാതി വ്യവസ്ഥകൾ തീർത്ത വേലിക്കെട്ടുകളിൽ നിന്ന് ഒരു ജനതയെ മുഖ്യധാരയിലേയ്ക്ക് നയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച സ്ഥാപനമാണ്. വിദ്യാലയം മുറ്റത്ത് തലയുയർത്തി നില്ക്കുന്ന നെല്ലിമരം ഇന്ന് പ്രായമായ തലമുറയ്ക്കും അവരുടെ കുട്ടിക്കാലത്തെ ഓർമ്മകളിൽ തിളങ്ങിനില്ക്കുന്ന പുതിയങ്കം സ്കൂളിന്റെ അടയാളമാണ്.
ഇന്ന് 868 കുട്ടികളും 26 അധ്യാപകരും അനധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്. സർക്കാരും കൈറ്റ് വിക്ടേഴ്സും ചേർന്നൊരുക്കിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ കഴിഞ്ഞ രണ്ടു പതിപ്പിലും തുടർച്ചയായി ഫൈനലിൽ എത്താൻ വിദ്യാലയത്തിന് കഴിഞ്ഞു.
കൃത്യമായ ആസൂത്രണവും ദിശാബോധവുമുള്ള നേതൃത്വവും അധ്യാപകരും അവരെ പിന്തുണയ്ക്കുന്ന പിടിഎയും ജനപ്രതിനിധികളും ചേർന്നപ്പോൾ അത് ഒരു വിദ്യാലയത്തിന്റെ വിജയഗാഥയായി മാറി.
അക്കാദമിക കലണ്ടർ, രക്ഷിതാക്കൾക്ക് നല്കുന്ന അച്ചടിച്ച പ്രവർത്തന പദ്ധതി, കുട്ടികളുടെ സ്വയമൂല്യ നിർണയരേഖ, ഡയറി, പരീക്ഷണ പുസ്തകം, സ്വാതന്ത്ര്യദിന ഗ്രാമയോഗങ്ങൾ, കേരള ഡയറി, സ്വന്തമായ ഭരണഘടന, സർവീസ്.കോം, ടീച്ചേഴ്സ് ചാലഞ്ച് തുടങ്ങിയ നൂതനവും വൈവിധ്യമാർന്നതുമായ പ്രവർത്തനങ്ങൾ വിദ്യാലയത്തിന്റെ സവിശേഷതയാണ്.
പിടിഎ, തദ്ദേശസ്ഥാപനങ്ങൾ, എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എന്നിവരുടെ ഇടപെടലിന്റെ ഭാഗമായി ഭൗതിക സൗകര്യങ്ങൾ ഏറ്റവും മികച്ച നിലയിലേക്ക് എത്തിയിട്ടുണ്ട്. കെ.ഡി. പ്രസേനൻ എംഎൽഎയുടെ ശ്രമഫലമായി സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമിച്ച കെട്ടിടം 2021ൽ ഉദ്ഘാടനം ചെയ്തു.
കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടമാണ് ഇപ്പോൾ പണി പൂർത്തിയായി ഉദ്ഘാടനത്തിന് തയ്യാറായിരിക്കുന്നത്.
2011ൽ പി.കെ.ബിജു എംപി നല്കിയ ബസ് സ്കൂളിൽ സ്വന്തമായി ഉണ്ട് ആറ് ക്ലാസ് മുറികളും ശുചിമുറിയും ഉൾപ്പെടുന്ന കെട്ടിടമാണ് നാളെ മന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. കൂടുതൽ പുതിയ ക്ലാസ് മുറികളും സ്കൂളിന് ഏറ്റവും അത്യാവശ്യമായ കളിസ്ഥലവും ഒരുക്കുന്നതിനുള്ള പരിശ്രമത്തിലാണ് അധ്യാപകരും പിടിഎയും.
ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ’സഹപാഠിയ്ക്ക് ഒരു വീട്’ എന്ന പേരിൽ ഒരു വീട് നിർമിച്ച നല്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ശതാബ്ദി ആഘോഷം സംഘാടക സമിതി.