പ്രവാസി രൂപതകൾ പ്രവാസികളുടെ ശുശ്രൂഷകൾക്ക് മാത്രമാകരുത്: മാർ റാഫേൽ തട്ടിൽ
1301549
Saturday, June 10, 2023 12:44 AM IST
കോയന്പത്തൂർ: രാമനാഥപുരം പോലെയുള്ള പ്രവാസി രൂപതകൾ പ്രവാസികളുടെ ശുശ്രൂഷകൾക്ക് വേണ്ടി മാത്രമാകരുത്, മറിച്ച് അവർ കുടിയേറിയ പ്രദേശങ്ങളുടെ സംസ്കാരത്തിന് അനുയോജ്യമായ രീതിയിലുള്ള പ്രേഷിത പ്രവർത്തനങ്ങളിലൂടെ വളരണമെന്ന് ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽ തട്ടിൽ അഭിപ്രായപ്പെട്ടു.
രാമനാഥപുരം രൂപതയുടെ പ്രഥമ രൂപത അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. സാന്തോം പാസ്റ്ററൽ സെന്ററിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച രൂപതാ യോഗത്തിന് വികാരി ജനറാൾ മോണ്. ജോസഫ് ആലപ്പാടൻ സ്വാഗതം ആശംസിച്ചു.
രൂപത അധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് രൂപത അസംബ്ലിയുടെ ലക്ഷ്യവും നിലപാടുകളും ആമുഖ പ്രഭാഷണത്തിലൂടെ വ്യക്തമാക്കി. തുടർന്ന് ക്രിസ്തീയ സാക്ഷ്യത്തിനും സുവിശേഷവത്കരണത്തിനുമായി മാധ്യമങ്ങളെ ഗുണപരവും സൃഷ്ടിപരവുമായി എങ്ങനെ പ്രയോജനപ്പെടുത്താം, ഇന്ത്യയിലെ നിലവിലെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ തിരുവചനങ്ങളുടെയും സഭാ പ്രബോധനങ്ങളുടെയും വെളിച്ചത്തിൽ ഒരു കത്തോലിക്കാ വിശ്വാസി സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് എന്ത് എന്നീ വിഷയങ്ങളെക്കുറിച്ച് നടത്തിയ ചർച്ചകൾക്ക് ഫാ. റോയി കണ്ണഞ്ചിറ, പ്രഫ. കെ.എം. ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
വിവിധ ഗ്രൂപ്പുകളിലായി നടന്ന ചർച്ചകളിൽ മേഴ്സി ജോണ്സണ്, റോമിയോ അലോഷ്യസ്, പി.വി.ജയ്സൻ, രാജു ചെറിയാൻ, എം.എ. ജയിംസ്, സിസ്റ്റർ തെരേസ് ജോണ് എഫ്സിസി, സിസ്റ്റർ ജസീന്ത എസ്കെഡി എന്നിവർ നേതൃത്വം വഹിച്ചു. പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി എ.ആർ. ജോസ് നന്ദി പറഞ്ഞു.