തമിഴ്നാട്ടിൽ വൈദ്യുതി നിരക്കിൽ വർധന
1301237
Friday, June 9, 2023 12:34 AM IST
കോയന്പത്തൂർ: തമിഴ്നാട്ടിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ച് സർക്കാർ ഉത്തരവായി. അടുത്ത നാലു വർഷത്തേക്ക് എല്ലാ വർഷവും ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന നിരക്ക് വർധനകളാണ് പ്രഖ്യാപിച്ചത്.
അതനുസരിച്ച്, എല്ലാ വർഷവും, ഏപ്രിൽ മാസത്തെ ഉപഭോക്തൃ വിലസൂചിക മുൻവർഷത്തെ ഏപ്രിൽ മാസത്തെ വിലസൂചികയുമായി താരതമ്യം ചെയ്യുകയും ഉപഭോക്തൃ പണപ്പെരുപ്പത്തിന്റെ ആറു ശതമാനം വർധനവ് കണക്കാക്കി വൈദ്യുതി നിരക്ക് വർധന നടപ്പാക്കും.
2022 ഏപ്രിലിലെയും 2023 ഏപ്രിലിലെയും ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിൽ 2023 ജൂലൈയിൽ വൈദ്യുതി നിരക്ക് 4.7 ശതമാനം വർധിപ്പിക്കണം.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നിരക്ക് വർധിപ്പിച്ചപ്പോൾ 2022 ഏപ്രിലിലെ വില സൂചികയ്ക്ക് പകരം ഓഗസ്റ്റിലെ വില സൂചികയാണ് പരിഗണിച്ചത്. ഇതിന്റെ ഫലമായി നിരക്ക് വർധന 4.7 ശതമാനത്തിൽ നിന്ന് 2.18 ശതമാനമായി കുറച്ചു. ഗാർഹിക കണക്ഷൻ ഉപഭോക്താക്കൾക്ക് 2.18 ശതമാനം വർധനവ് സർക്കാർ അംഗീകരിച്ച് വൈദ്യുതി ബോർഡിന് സബ്സിഡിയായി നൽകാനും ഉത്തരവിട്ടിട്ടുണ്ട്.
നിലവിൽ ഗാർഹിക കണക്്ഷനുകളുടെ ചാർജിൽ വർധനവ് ഉണ്ടാകില്ല. കാർഷിക കണക്്ഷനുകൾ, കോട്ടേജ് കണക്്ഷനുകൾ, വീടുകൾ, കൈത്തറി, പവർ ലൂം തുടങ്ങിയവയ്ക്ക് 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്നത് തുടരും.
വാണിജ്യ, വ്യാവസായിക സ്ഥാപനങ്ങൾക്ക് മാത്രം യൂണിറ്റിന് 13 പൈസ മുതൽ 21 പൈസ വരെ വൈദ്യുതി നിരക്ക് വർധിക്കും.