കുറുന്പ ഗോത്രവർഗ ഉൗരുകളിൽ കളക്ടറുടെ മിന്നൽ പര്യടനം
1301235
Friday, June 9, 2023 12:34 AM IST
അഗളി : അട്ടപ്പാടിയുടെ ഉൾവനത്തിലുള്ള കുറുന്പ ഗോത്രവർഗ ഉൗരു നിവാസികളുടെ ക്ഷേമാന്വേഷണവുമായി ജില്ലാകളക്ടർ എസ്. ചിത്രയെത്തി.
പോലീസ്,ഫോറസ്റ്റ്, പട്ടികവർഗ്ഗ വകുപ്പു തല ഉദ്യോഗസ്ഥർ എന്നിവരുടെ അകന്പടിയോടെയായിരുന്നു കളക്ടറുടെ ഉൗരിലേക്കുള്ള മിന്നൽ പര്യടനം.
10 കിലോമീറ്റർ വാഹനത്തിലും ആറുകിലോമീറ്റർ കാൽനടയായുമായാണ് നിബിഡ വനത്തിലെ ഗലസി ഉൗരിലെത്തിയത്. ഗലസി ഉൗരിലേക്ക് ഇതാദ്യമായാണ് കളക്ടർ നേരിട്ട് ഗോത്ര വിഭാഗക്കാരുടെ ക്ഷേമാന്വേഷണത്തിനെത്തുന്നത്. ഉൗരുനിവാസികളും മൂപ്പന്മാരുമായി കളക്ടർ മുഖാമുഖം ചർച്ച നടത്തി പോരായ്മകൾ ചോദിച്ചറിഞ്ഞു.
ആദിവാസികൾ നേരിടുന്ന കുടിവെള്ള പ്രശ്നങ്ങൾ, വന്യമൃഗ ശല്യം, വഴി, വീട്, ചികിത്സാ ദുരിതങ്ങൾ തുടങ്ങിയവ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.
അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികളെ അട്ടപ്പാടിയുടെ പുറത്തേക്ക് ചികിത്സാർത്ഥം അയക്കുന്ന നടപടിയിൽ മാറ്റമുണ്ടക്കണമെന്ന് ഉൗരുകാർ ആവശ്യപ്പെട്ടു.
വിദ്യാഭ്യാസം തേടാതെ ഉൗരുകളിൽ ഇരിക്കുന്ന കുട്ടികളുടെ കണക്കു ശേഖരിച്ച് അവരെ സ്കൂളിൽ എത്തിക്കുന്നതിനാവശ്യമായ അടിയന്തര നടപടികൾ എടുക്കുവാനും ബന്ധപ്പെട്ടവർക്ക് കളക്ടർ നിർദ്ദേശം നൽകി. മേലെ തുടുക്കി, താഴെ തുടുക്കി, ഗലസി ഉൗരുകളിലാണ് ജില്ലാ കളക്ടർ സന്ദർശനം നടത്തിയത്.