സന്പൂർണ്ണ ഒഡിഎഫ് പ്ലസ് പദവി കരസ്ഥമാക്കി ജില്ല
1301228
Friday, June 9, 2023 12:32 AM IST
പാലക്കാട്: സന്പൂർണ്ണ വെളിയിട വിസർജ്ജന വിമുക്തം, മാലിന്യ നിർമാർജ്ജനം എന്നിവ മികച്ച രീതിയിൽ നടത്തുന്ന പഞ്ചായത്തുകൾക്ക് നല്കുന്ന ഒഡിഎഫ് പ്ലസ് പദവി പാലക്കാട് ജില്ല കരസ്ഥമാക്കിയതായി ജില്ലാ ശുചിത്വമിഷൻ കോഓർഡിനേറ്റർ ടി.ജി. അഭിജിത് അറിയിച്ചു. ജില്ലയിലെ 88 ഗ്രാമപഞ്ചായത്തുകളിലെ 150 വില്ലേജുകളും ഒഡിഎഫ് പ്ലസ് എന്ന നേട്ടം കൈവരിച്ചു.
വെളിയിട വിസർജന വിമുക്ത ജില്ല എന്നതിനൊപ്പം പൊതുശുചിത്വം, പൊതുശൗചാലയങ്ങളുടെ പരിപാലനം, ആവശ്യത്തിന് പൊതു ശൗചാലയങ്ങൾ ഏർപ്പെടുത്തൽ എന്നിവയും ജില്ലയെ സന്പൂർണ്ണ ഒഡിഎഫ് പ്ലസ് പദവി നേടുന്നതിന് സഹായിച്ചു. 70 ആസ്പയറിംഗും, 80 മോഡലുകളുമാണ് ജില്ലയിലുള്ളത്. 2016 നവംബറിലാണ് സംസ്ഥാനം ഒഡിഎഫ് പദവി കൈവരിക്കുന്നത്.
യഥാസമയം പദ്ധതികൾ ഏറ്റെടുക്കുന്നതിനും നിർവഹണം നടത്തുന്നതിനും ജിയോ ടാഗ് ചെയ്യുന്നതിനും ഭരണസമിതി തീരുമാനം ലഭ്യമാക്കുന്നതിനും പ്രയത്നിച്ച എല്ലാ ഉദ്യോഗസ്ഥരുടെയും ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ പറഞ്ഞു.