എംഇഎസ് കല്ലടി കോളജിൽ റാഗിംഗും സംഘട്ടനവും; രണ്ട് വിദ്യാർഥികൾക്ക് പരിക്ക്
1300945
Thursday, June 8, 2023 12:26 AM IST
മണ്ണാർക്കാട്: എംഇഎസ് കല്ലടി കോളജിൽ വീണ്ടും റാഗിംഗും സംഘട്ടനവും. രണ്ടു വിദ്യാർഥികൾക്ക് പരിക്ക്. തെങ്കര മണലടി സ്വദേശികളായ മുഹമ്മദ് അനസ്, മുഹമ്മദ് മുസ്തഫ എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരക്കാണ് സംഭവം. ക്ലാസ് കഴിഞ്ഞ് സുഹൃത്തിനെ ബസ് കയറ്റിവിട്ട് കോളജിന്റെ ഗേറ്റിനു മുൻവശം നിൽക്കുന്പോഴായിരുന്നു 15 ഓളം വരുന്ന സീനിയർ വിദ്യാർഥികൾ എത്തി അകാരണമായി മർദിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇടിക്കട്ട, പട്ടിക കഷ്ണം, കല്ല് എന്നിവ ഉപയോഗിച്ചാണ് മർദിച്ചത്. ആക്രമണത്തിൽ മുസ്തഫയുടെ താടിയെല്ലിനും അനസിന്റെ തലക്കും പരിക്കേറ്റു. ഇവർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ മണ്ണാർക്കാട് പോലീസിൽ പരാതി നൽകി. മുഹമ്മദ് അനസ്, മുഹമ്മദ് മുസ്തഫ എന്നിവരുടെ പരാതി പ്രകാരം സീനിയർ വിദ്യാർഥികളായ ടി.പി. ഫവാസ്, അശ്വൻ മനോഹർ, കെ.എ. അത്തയാസ്, എ.കെ. നിർഷാദ് സഹ്ദാബ് എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. റാഗിംഗ് നിരോധന നിയമപ്രകാരം കേസെടുത്തതായി മണ്ണാർക്കാട് സിഐ ബോബിൻ മാത്യൂ പറഞ്ഞു.
മർദനത്തിനിരകളായ ജൂനിയർ വിദ്യാർഥികളായ എം. ആദർശ്, ബി. ആകാശ്, ശ്യാമപ്രസാദ് എന്നിവർ തങ്ങളെ മർദിച്ചതിന് പ്രിൻസിപ്പലിന് പരാതി നൽകി. സീനിയർ വിദ്യാർഥികളായ വി.ടി.മുഹമ്മദ് ഷിനാദിൻ, മുഹമ്മദ് റിനാഷ്, ഒ. മുഹമ്മദ് ഷിബിൻ, കെ. മുഹമ്മദ് റാഷീദ്, പി.പി. മുഹമ്മദ് റിസ്വാൻ, എസ്. ഷഹീർ, കെ. മുഹമ്മദ് ഷിബില എന്നിവർക്കെതിരെയാണ് മർദിച്ചതിന് പ്രിൻസിപ്പലിനു പരാതി നൽകിയത്.
റാഗിംഗ് നടത്തിയ നാല് പേരും സംഘട്ടനമുണ്ടാക്കിയ ഏഴ് പേരും അടക്കം പതിനൊന്ന് വിദ്യാഥികളെയും കോളജിൽ നിന്നും സസ്പെന്റ് ചെയ്തതായി പ്രിൻസിപ്പൽ ഡോ.സി.രാജേഷ് അറിയിച്ചു.