ഒന്നാംവിള നെൽകൃഷിക്ക് മംഗലംഡാമിൽ നിന്നു വെള്ളം വിടണമെന്ന് കർഷകർ
1300944
Thursday, June 8, 2023 12:26 AM IST
വടക്കഞ്ചേരി: ഇടവമാസം തീരാറായിട്ടും കാലവർഷം എത്താൻ വൈകുന്ന സാഹചര്യത്തിൽ ഒന്നാം വിള കൃഷി ഇറക്കുന്നതിന് മംഗലം ഡാമിൽ നിന്നും വെള്ളം തുറന്നു വിടണമെന്ന ആവശ്യവുമായി വിവിധ പാടശേഖരസമിതി ഭാരവാഹികൾ. എന്നാൽ ഷട്ടർ ലെവലിനേക്കാൾ കഷ്ടി രണ്ടുമീറ്റർ ഉയരത്തിൽ മാത്രമെ ഡാമിൽ വെള്ളം ഉള്ളൂ എന്ന് ഇറിഗേഷൻ അധികൃതരും വിശദീകരിക്കുന്നു.
ഇന്നലെ വടക്കഞ്ചേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന മംഗലംഡാം ജലസേചന പദ്ധതിയുടെ അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് ഡാമിന്റെ ആയക്കെട്ട് പ്രദേശങ്ങളിലെ പാടശേഖര സമിതി ഭാരവാഹികൾ ഇക്കാര്യം ഇറിഗേഷൻ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. പുതിയ കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും കാർഷിക വിളകളുടെ പ്ലാനും കാർഷിക കലണ്ടർ തയാറാക്കുന്നതിനുമായിരുന്നു യോഗം ചേർന്നത്.
66.13 മീറ്ററാണ് ഇന്നലത്തെ കണക്കനുസരിച്ച് മംഗലംഡാമിന്റെ ജലനിരപ്പ്. 64 മീറ്ററിലാണ് കനാൽ ഷട്ടർ ഉള്ളത്. അതിനാൽ രണ്ട് മീറ്ററിലുള്ള വെള്ളമാണ് ഒഴുക്കാൻ കഴിയുക.
ഉള്ള വെള്ളം കനാൽ വഴി തുറന്നു വിട്ടാലും 23 കിലോമീറ്റർ വീതം ദൂരം വരുന്ന ഇടതു-വലതു കനാലുകളുടെ പകുതി ദൂരം പോലും വെള്ളം ഒഴുകിയെത്തില്ലെന്ന് യോഗത്തിൽ അധ്യക്ഷയായിരുന്ന ഇറിഗേഷൻ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സ്മിത ബാലകൃഷ്ണൻ പറഞ്ഞു. കനാലുകളെല്ലാം പൊന്തക്കാടായും മാലിന്യം നിറഞ്ഞും വെള്ളം ഒഴുകാൻ കഴിയാത്ത സ്ഥിതിയിലുമാണ്.
അടുത്ത ദിവസം തന്നെ കാലവർഷം എത്തിയില്ലെങ്കിൽ ഒന്നാം വിള കൃഷിക്കായി തയാറാക്കിയ ഞാറ്റടികളെല്ലാം മൂപ്പു കൂടി നശിക്കുമെന്ന് കർഷകനും പുതുക്കോട് പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ഇസ്മയിൽ പറഞ്ഞു.
കനാൽ സംരക്ഷണത്തിലെ പോരായ്മകളെക്കുറിച്ചായിരുന്നു കൂടുതലും പരാതികൾ ഉയർന്നത്. മെയിൻ കനാലുകളിലെ ചോർച്ച, പ്രവർത്തനരഹിതമായ സ്ളൂയിസുകൾ, സ്വകാര്യ വ്യക്തികൾ കൈയേറി പലഭാഗത്തും കനാലുകൾ പോലും ഇല്ലാതായി തുടങ്ങി നിരവധി പരാതികളാണ് യോഗത്തിൽ പാടശേഖര ഭാരവാഹികൾ ഉന്നയിച്ചത്. വണ്ടാഴി വഴിയുള്ള വലതു കനാൽ ഭാരവാഹികളായി ടി.ഗോപിനാഥൻ, വി.പ്രഭാകരൻ, സുരേന്ദ്രൻ എന്നിവരെയും കിഴക്കഞ്ചേരി , വടക്കഞ്ചേരി വഴിയുള്ള ഇടതു കനാൽ കമ്മിറ്റി ഭാരവാഹികളായി കെ.ജെ. പൗലോസ്, അബ്ദുൾ നാസർ, ഗോകുൽദാസ് എന്നിവരെയും തെരഞ്ഞെടുത്തു.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക്കു പുറമെ അസിസ്റ്റന്റ് എൻജിനീയർമാരായ ലെസ്ലി വർഗീസ്, ടി.വി. സിന്ധു, ഓവർസിയർമാരായ ബിജു, വിവേകാനന്ദൻ, നീനു കെ.ചാണ്ടി, അശ്വിനി, കണ്ണന്പ്ര കൃഷി ഓഫീസർ ആരതി കൃഷ്ണ, കാവശേരി കൃഷി ഓഫീസർ വരുണ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ വിശദീകരണം നല്കി.