കാഞ്ഞിരപ്പുഴ കനാൽ നാശത്തിലേക്ക്
1300311
Monday, June 5, 2023 1:00 AM IST
കല്ലടിക്കോട് : കൃത്യമായ ഇടവേളകളിൽ അറ്റകുറ്റ പണികൾ ഇല്ലാത്തതിനാൽ കാഞ്ഞിരപ്പുഴ കനാൽ നശിക്കുന്നതായി പരാതി.
അര നൂറ്റാണ്ടു മുന്പ് പട്ടാന്പിവരെയുള്ള പ്രദേശങ്ങളിൽ ജലസേചന സൗകര്യം ഒരുക്കുന്നതിനയി നിർമിച്ച കാഞ്ഞിരപ്പുഴ ഇടതു പ്രധാന കനാലാണ് അധികാരികളുടെ നിസംഗത മൂലം നശിച്ചുപോകുന്നത്.
ഇടക്കുർശി, ചെന്പന്തിട്ട, കല്ലടിക്കോട്, ചെറായി തുടങ്ങിയ പ്രദേശങ്ങളിലാണ് പാലങ്ങളും ലിഫ്റ്റുകളും നശിക്കുന്നത്. പലഭാഗത്തും ഉപകരണങ്ങൾ തുരുന്പെടുത്ത് നശിക്കുകയാണ്.
കന്പികൾ ദ്രവിച്ച് കോണ്ക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് തകരാനും തുടങ്ങിയിട്ടുണ്ട്. പ്രധാന കനാലിലിൽ നിന്നും വെള്ളം ഉപകനലുകളിലേയ്ക്ക് വിടുന്നത് നിയന്ത്രിക്കാനായി നിർമിച്ചിട്ടുള്ള ലിഫ്റ്റുകളാണ് തകർച്ചയെ നേരിടുന്നത്. പലഭാഗത്തും കാടുകയറിയ നിലയിലാണ് ലിഫ്റ്റുകൾ. അരനൂറ്റാണ്ടു പിന്നിട്ടിട്ടും ഡാം കമ്മീഷൻ ചെയാൻ കഴിഞ്ഞിട്ടില്ല. സർക്കാർ ധനസഹായത്തിന്റെ പര്യാപ്തത മൂലം നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്.
കാലപ്പഴക്കം മൂലം ദ്രവിച്ചുനശിക്കുന്ന ലിഫ്റ്റുകളും മതിലുകളും ഓവു പാലങ്ങളും പുനർനിർമിച്ച് ജലസേചനം തടസമില്ലാതെ കൃഷിയിടത്തിലേയ്ക്ക് എത്തിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.