നവകേരളം മാലിന്യമുക്ത കേരളം കാന്പയിൻ: പരിസ്ഥിതി ദിനത്തിൽ ഹരിതസഭകൾ
1300307
Monday, June 5, 2023 12:59 AM IST
പാലക്കാട്: നവകേരളം മാലിന്യമുക്ത കേരളം കാന്പയിനിന്റെ ഭാഗമായി പരിസ്ഥിതിദിനമായ അഞ്ചിന് ജില്ലയിലെ തദ്ദേശസഥാപനങ്ങളിൽ ഹരിതസഭ നടക്കും.
മാലിന്യമുക്ത കേരളത്തിന് സർക്കാർ ആവിഷ്കരിച്ച ജനകീയ കാന്പയിനാണ് മാലിന്യമുക്തം നവകേരളം. മാർച്ച് 15 ന് ആരംഭിച്ച കാന്പയിനിന്റെ ആദ്യഘട്ടം ഇന്നു സമാപിക്കും.
മാലിന്യങ്ങൾ 100 ശതമാനം ഉറവിടതല വേർതിരിക്കൽ, 100 ശതമാനം അജൈവ മാലിന്യ ശേഖരണം, പൊതുയിടം മാലിന്യ മുക്തമാക്കൽ, ജലാശയങ്ങൾ മാലിന്യമുക്തമാക്കൽ, സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും മാലിന്യമുക്തവും ഹരിത ഓഫീസുമാക്കൽ, ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് ജനകീയ ഓഡിറ്റ് നടപ്പാക്കൽ എന്നിവയാണ് കാന്പയിനിന്റെ ഭാഗമായി നിർദേശിക്കപ്പെട്ടിരുന്നത്.
ഈ ലക്ഷ്യങ്ങൾ എത്രമാത്രം നടപ്പായി എന്നതിന്റെ ജനകീയ പരിശോധനയാണ് തദ്ദേശസ്ഥാപനങ്ങളിലെ ഹരിതസഭയിലൂടെ നടക്കുക.
ചുരുങ്ങിയത് മൂന്ന് മണിക്കൂർ നടക്കുന്ന ഹരിതസഭയിൽ പരിസ്ഥിതിദിന പ്രതിജ്ഞയും എടുക്കും. തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷർ എന്നിവർ ഇതുവരെ നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിക്കും.