തൂതപ്പാലം പുനർനിർമാണം വൈകുന്നു
1300300
Monday, June 5, 2023 12:59 AM IST
ഷൊർണൂർ : പാലക്കാട്-മലപ്പുറം ജില്ലകളെ കൂട്ടിയിണക്കുന്ന തൂതപ്പാലം പുനർനിർമാണം അകാരണമായി വൈകുന്നു. പുതിയ പാലം നിർമ്മിച്ചാൽ മാത്രമേ ഇപ്പോൾ നിർമ്മാണം നടത്തി വരുന്ന നാലുവരിപാതയുടെ ഗുണം ലഭിക്കുകയുള്ളു.
തൂത-മുണ്ടൂർ റോഡിനെ നാലുവരി പാതയാക്കാൻ തീരുമാനിക്കുകയും സ്ഥലം അളന്ന് തിട്ടപ്പെടുത്തി നാലുവരിപാതക്കാവശ്യമായ ഭൗതിക സൗകര്യങ്ങളൊരുക്കുകയും ചെയ്യുന്ന നടപടികൾ അന്തിമഘട്ടത്തിലാണ്. അതേസമയം വീതി കുറവുകൊണ്ട്
ഇപ്പാൾ തന്നെ തൂത പാലം കടക്കണമെങ്കിൽ കാൽനടയാത്രക്കാർക്ക് സാഹസികതയും ഒപ്പം ധൈര്യവും വേണമെന്ന സ്ഥിതിയാണ്.
ജീവൻ പണയംവെച്ചാണ് വിദ്യാർഥികളടക്കമുള്ളവരുടെ സാഹസികയാത്ര. നാലുവരിപാതയാക്കുന്നതോടെ ഇതുവഴിയുള്ള വാഹന ഗതാതം പതിമടങ്ങ് വർദ്ധിക്കും. ഇപ്പോൾ തന്നെ പാലത്തിലൂടെയുള്ള കാൽനട യാത്ര ഒട്ടും സുരക്ഷിതമല്ല. വാഹനങ്ങളുടെ എണ്ണവും ദിനംപ്രതി വർദ്ധിക്കുകയാണ്.
നടപ്പാതയില്ലാത്ത വീതി കുറവായ പാലത്തിൽ കുതിച്ചുപായുന്ന വാഹനങ്ങൾക്കിടയിലൂടെയാണ് കാൽനടയാത്ര.
എതിർദിശയിൽ രണ്ട് വലിയ വാഹനങ്ങൾ ഒരേസമയം പാലത്തിൽ പ്രവേശിച്ചാൽ ഞെങ്ങിഞെരുങ്ങിയാണ് പാലം കടക്കുന്നത്. ഇതിനിടയിൽ ഒട്ടും സുരക്ഷിതമല്ലാത്തവിധമാണ് ഇപ്പാൾ കാൽനടയാത്ര.
നിരനിരയായെത്തുന്ന വാഹനങ്ങളും ഉയരം കുറവായ കൈവരികളും. വാഹനങ്ങൾ വശം കൊടുക്കുന്പോൾ കാൽനടക്കാർക്ക് കൈവരികൾക്കിടയിലെ ചെറിയ തിട്ടുകൾ മാത്രമാണാശ്രയം.
സ്കൂൾ, ഓഫീസ് സമയങ്ങളിലാണ് വിദ്യാർഥികളടക്കമുള്ള കാൽനടക്കാരുടെ തിരക്കേറെയും. തൂത ഹയർസെക്കൻഡറി സ്കൂൾ ഉൾപ്പെടെ അഞ്ച് വിദ്യാലയങ്ങളിലെ വിദ്യാർഥികൾ നിത്യേന രണ്ടുനേരവും ഈ പാലം കടന്നാണ് പോകുന്നത്.
അധ്യായന വർഷം ആരംഭിച്ചതോടെ ഇവരുടെ തിരക്ക് കൂടി പാലത്തിനു മുകളിലുണ്ട്. തൂതപ്പാലത്തിന് ഇരുഭാഗങ്ങളിലായാണ് തൂത അങ്ങാടി സ്ഥിതി ചെയ്യുന്നത് ഇരുകരകളിലായുള്ള ചെർപ്പുളശ്ശേരി നഗരസഭയിലും ആലിപ്പറന്പ് പഞ്ചായത്തിലുമായാണ് വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും ഏറെയുമുള്ളത്.
ഒരേസമയം രണ്ടുവാഹനങ്ങൾ കടക്കാൻ പാടുപെടുന്ന വീതികുറവായ പാലത്തിൽ നടപ്പാതയുണ്ടാക്കാനുമാവില്ല. സ്ലാബുകളിലെ പ്രതലത്തിൽ കാണപ്പെട്ട വിള്ളലിനെത്തുടർന്ന് പാലം അടച്ചിട്ടവേളയിൽ നടപ്പാതയുടെ ആവശ്യമുയർന്നെങ്കിലും വീതിക്കുറവ് പ്രതിസന്ധിയുളവാക്കി. പെരിന്തൽമണ്ണ താലൂക്ക് വികസനസമിതി യോഗത്തിലും തൂതയിൽ നടപ്പാതയോടെ വീതികൂടിയ പുതിയപാലമെന്ന ആവശ്യമുയർന്നിരുന്നു.
നാലുവരിപാത കൂടി വരുന്നതോടെ വാഹന ബാഹുല്യം കൂടുകയും ചെയ്യും. കാല പഴക്കവും, ബലക്ഷയവും നിലവിലുള്ള തൂത പാലത്തിനെ വല്ലാതെ അലട്ടുന്നുണ്ട്.
സമയമബന്ധിതമായി ഉടൻതന്നെ പാലം നിർമ്മാണം പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഉയർന്നു വന്നിട്ടുള്ള ജനകീയ ആവശ്യം.