മാലിന്യമുക്തം നവകേരളം: നീക്കിയത് 901 ടണ്‍ മാലിന്യം
1299920
Sunday, June 4, 2023 7:07 AM IST
പാലക്കാട് : മാലിന്യമുക്തം നവകേരളം കാന്പയിന്റെ ഭാഗമായി ജില്ലയിൽ രണ്ടരമാസം കൊണ്ട് ക്ലീൻ കേരള കന്പനി നീക്കം ചെയ്തത് 901 ടണ്‍ മാലിന്യം.
മാർച്ച് 15 മുതൽ ജൂണ്‍ ഒന്ന് വരെയുള്ള കാന്പയിൻ കാലയളവിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി 69 ടണ്‍ തരംതിരിച്ച മാലിന്യവും 809 ടണ്‍ നിഷ്ക്രിയ മാലിന്യങ്ങളും നീക്കം ചെയ്തു.
20 ടണ്‍ ചില്ലു മാലിന്യങ്ങളും നീക്കം ചെയ്തിട്ടുണ്ട്. പാലക്കാട് സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രത്യേക കാന്പയിനിന്റെ ഭാഗമായി വിവിധ വകുപ്പുതല ഓഫീസുകളിൽ നിന്നായി 2248 കിലോഗ്രാം ഇ-വേസ്റ്റ് ശേഖരിച്ചു.
സിവിൽ സ്റ്റേഷന് പുറമേയുള്ള സ്ഥാപനങ്ങളിൽ നിന്നും സമയബന്ധിതമായി ഇവേസ്റ്റുകളും ആപത്ക്കരമായ ഇവേസ്റ്റുകളും നീക്കം ചെയ്യുന്നുണ്ട്. കാന്പയിൻ കാലയളവിൽ ആകെ 901 ടണ്‍ മാലിന്യങ്ങളാണ് ക്ലീൻ കേരള കന്പനി ജില്ലയിൽ നീക്കിയത്. കാന്പയിന്റെ ഭാഗമായി അന്‍പതിലധികം പഞ്ചായത്തുകളിലെ സെക്രട്ടറിമാർക്ക് ക്ലീൻ കേരള കന്പനി ജില്ലാ മാനേജർ ക്ലാസെടുത്തു.
വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ആരോഗ്യ ശുചിത്വ പരിപോഷണ സമിതി അംഗങ്ങൾ, റസിഡൻഷ്യൽ അസോസിയേഷൻ പ്രതിനിധികൾ, വ്യാപാരി വ്യവസായികൾ, വിദ്യാർഥികൾ, സന്നദ്ധ പ്രവർത്തകർ, ബൾക്ക് ജനറേറ്റേഴ്സ് എന്നിവർക്കായി ബോധവത്ക്കരണ ക്ലാസുകളും നടത്തി.