ആലത്തൂർ മെഗാ ജോബ് ഫെയർ ഇന്ന്
1297680
Saturday, May 27, 2023 1:16 AM IST
ആലത്തൂർ : നിയോജക മണ്ഡലത്തിലെയും പരിസര പ്രദേശങ്ങളിലെയും അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകർക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും പ്രവർത്തി പരിചയത്തിനും അനുസൃതമായി മികച്ച തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ.ഡി. പ്രസേനൻ എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെയും നോളഡ്ജ് എക്കണോമി മിഷന്റെയും കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മെഗാ തൊഴിൽ മേള ശനിയാഴ്ച നടക്കും. ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ ഒന്‍പതു മണി മുതൽ അഞ്ചു മണി വരെയാണ് തൊഴിൽ മേള. പ്രമുഖ സ്ഥാപനങ്ങൾ, ബാങ്കിംഗ്, ഐടി, എഞ്ചിനീയറിംഗ്, സെയിൽസ്, മാർക്കറ്റിംഗ്, അക്കൗണ്ടിംഗ്, ക്ലറിക്കൽ, മാനേജ്മന്റ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി 43 സ്ഥാപനങ്ങളിലെ രണ്ടായിരത്തോളം വ്യത്യസ്ത തൊഴിലവസരങ്ങളാണ് അവതരിപ്പിക്കുന്നത്. എസ്എസ്എൽസി മുതൽ വ്യത്യസ്ത അടിസ്ഥാന യോഗ്യതയുള്ള തൊഴിലന്വേഷകർക്ക് സൗജന്യമായി അപേക്ഷിക്കാനും തൊഴിൽ ദാതാക്കളുമായി നേരിട്ട് മുഖാമുഖത്തിലൂടെ തൊഴിൽ നേടാനുമുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.
ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ വിവരങ്ങൾ പൂർണ്ണമായി മനസ്സിലാക്കി, തികച്ചും സൗജന്യമായി രജിസ്റ്റർ ചെയ്ത് പങ്കെടുക്കാൻ സാധിക്കുന്നു.
ഉദ്യോഗാർഥികൾ ബയോഡാറ്റയുടെ അഞ്ച് കോപ്പികളും ആധാർ കാർഡും സഹിതം ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണിക്ക് എത്തിച്ചേരണം.