നെല്ലിയാന്പതി: നെല്ലിയാന്പതി ഗവണ്മെന്റ് ഓറഞ്ച് ഫാമിനു മുന്നിൽ എഐടിയുസി യുടെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധ സമരം നടത്തി. കാഷ്വൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നത് അനാവശ്യമായി വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. നിസാര സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ദിവസ വേതന തൊഴിലാളികളുടെയും കാഷ്വൽ തൊഴിലാളികളുടെയും സീനിയോറിറ്റി കണക്കാക്കി സ്ഥിരനിയമനം നടത്തുന്നതിൽ അനാവശ്യ കാലതാമസം വരുത്തുന്നതായാണ് ആരോപണം. തൊഴിലാളികളുടെയും വിരമിച്ചവരുടെയും ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലുള്ള കാലതാമസം ഒഴിവാക്കുക, അവധി ദിവസങ്ങളിൽ ഫാം തുറന്ന് ഫാമിന്റെ ഉല്പന്നങ്ങൾ വില്പന നടത്തി വരുമാനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് എഐടിയുസി സമരം നടത്തിയത്. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. രാമദാസ് സമരം ഉദ്ഘാടനം ചെയ്തു. വി. മുരുകൻ അധ്യക്ഷത വഹിച്ചു. വി. മോഹനൻ, സുദർശനൻ തുടങ്ങിയവർ പ്രസംഗിച്ചു.