മലയോര മേഖലയിലെ ജനങ്ങളുടെ പരാതി പരിഹരിക്കാൻ വന സൗഹൃദ സദസ്
1282777
Friday, March 31, 2023 12:26 AM IST
നെന്മാറ: മലയോര മേഖലയിൽ വനാതിർത്തിയോടു ചേർന്ന് വസിക്കുന്ന പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തരൂർ, നെന്മാറ, ആലത്തൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ എംഎൽഎമാർ തൃതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് വന സൗഹൃദ സദസ് നടത്തുന്നു.
കേരള വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ ഏപ്രിൽ 14 ന് രാവിലെ 9.30 മണിക്ക് നെന്മാറ വല്ലങ്ങിയിലെ ജ്യോതിസ് റെസിഡൻസിയിലെ സാരംഗി ഹാളിലാണ് പരിപാടി. വനംമന്ത്രി എ. കെ. ശശീന്ദ്രൻ, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, തദ്ദേശ സ്വയംഭരണ മന്ത്രി. എം. ബി. രാജേഷ് എന്നിവർ പങ്കെടുക്കും.
പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനായി പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാർ മുഖേന പരാതികൾ സമർപ്പിക്കാം. പഞ്ചായത്ത് പ്രസിഡന്റുമാർ ഈ പരാതികൾ നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഏപ്രിൽ ഒന്നിന് വൈകുന്നേരം അഞ്ചിനകം കൈമാറണം.