ഷൊർണൂരുകാർക്ക് വേണം കുടിക്കാൻ ശുദ്ധജലം: പകർച്ചവ്യാധി ഭീഷണിയിൽ ജനം
1281738
Tuesday, March 28, 2023 12:37 AM IST
ഷൊർണൂർ: അധികാരികളറിയണം... ഷൊർണൂരുകാർ ഈ വേനലിലും കുടിക്കുന്നത് മലിനജലമാണ്. ഷൊർണൂർ പരിസര പ്രദേശങ്ങളിലുള്ള ജനങ്ങളുടെ ദുർവിധി മാറ്റമില്ലാതെ തുടരുന്പോഴും അധികാരികൾക്കിതൊന്നും പുതുമയല്ല.
നഗരസഭാ പ്രദേശത്ത് നിന്ന് ഭാരതപുഴയിലേക്ക് ഒഴുകിയെത്തുന്ന മലിനജലമാണ് ആളുകൾ കുടിക്കുന്നത്. ഹരിത ട്രൈബ്യൂണൽ ഉത്തരവ് ലംഘിക്കപ്പെട്ടിട്ടുപോലും ഒരു നടപടിയും ഇല്ലാത്ത സാഹചര്യമാണ് ഇവിടെയുള്ളത്.
മലിനജലം ശുദ്ധീകരിക്കാൻ സീവേജ് പ്ലാന്റ് നിർമിക്കാൻ ഷൊർണൂർ നഗരസഭ തയ്യാറാകാത്തതു കൊണ്ടാണ് പുഴയിൽ നിന്ന് പന്പ് ചെയ്യുന്ന മാലിന്യം നിറഞ്ഞ വെള്ളം തന്നെ കുടിക്കേണ്ട ഗതികേട് ജനങ്ങൾക്കുണ്ടാവുന്നത്. വേനൽക്കാലം രൂക്ഷമായിരിക്കെ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ മലിനജലം കാരണമാകുമെന്നുറപ്പാണ്.
ഭാരതപുഴയിലേക്ക് നേരിട്ട് മലിനജലം ഒഴുക്കുന്നില്ലെന്നാണ് നഗരസഭയുടെ വിചിത്രമായ വാദം. എന്നാൽ മലിനജലം ഒഴുകിയെത്തുന്നത് നേരിട്ട് കണ്ട നിയമസഭ പരിസ്ഥിതി സമിതിയേ പോലും മുഖവിലക്കെടുക്കാതെയാണ് നഗരസഭ ഇത്തരം വാദങ്ങളുന്നയിക്കുന്നതെന്നാണ് വിമർശനം.
പുഴയിലേക്ക് മലിന ജലം ഒഴുക്കി വിടുന്ന വർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മലിനീകരണം നടത്തുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇതിനായി കർമ്മ പദ്ധതി തയ്യാറാക്കി സമർപ്പിക്കാനും തീരുമാനം ഉണ്ടായിരുന്നു.
റെയിൽവേയുടെ മാലിന്യവും പുഴയിലേക്ക് ഒഴുക്കുന്നുണ്ടെന്നും നഗരസഭയും റെയിൽവേയും ചേർന്ന് ശുചീകരണ പ്ലാന്റ് നിർമിക്കാൻ ആലോചിക്കുന്നുണ്ടെന്നുമാണ് നേരത്തെ നഗരസഭ അധികൃതർ വ്യക്തമാക്കിയിരുന്നത്. ഇതിനുള്ള ആദ്യഘട്ട ചർച്ച നടക്കുകയും ചെയ്തിരുന്നു. തുടർ ചർച്ചയിൽ ഇതുസംബന്ധിച്ച് ധാരണയാകുമെന്നും ഈ വർഷം തന്നെ പ്ലാന്റ് സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നതെന്നും കഴിഞ്ഞ വർഷം നഗരസഭ സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തിരുന്നതാണ്.
ഈ മാസത്തോടുകൂടി രൂപപ്പെടുന്ന വരൾച്ച കുടിവെള്ളക്ഷാമം രൂക്ഷമാകാനും, മലിനജലത്തിന്റെ തോത് ഉയർത്താനും സാഹചര്യമൊരുക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഴുക്കുചാലുകളിലൂടെയാണ് മലിനജലം ഭാരതപുഴയിലേക്ക് ഒഴുകിയെത്തുന്നത്.