കാർഷിക വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും മുൻഗണന നൽകി കാഞ്ഞിരപ്പുഴ പഞ്ചായത്ത് ബജറ്റ്
1280072
Thursday, March 23, 2023 12:25 AM IST
കാഞ്ഞിരപ്പുഴ : കാർഷിക വികസനത്തിനും ദാരിദ്ര്യ ലഘൂകരണത്തിനും മുൻഗണന നൽകി കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചു.
32.55 കോടി രൂപ വരവും 31.66 കോടി രൂപ ചെലവും 89 ലക്ഷം രൂപ മിച്ചം വരുന്ന ബജറ്റാണ് ഉപാധ്യക്ഷൻ സിദ്ധീഖ് ചേപ്പോടൻ അവതരിപ്പിച്ചത്. ദാരിദ്ര്യ നിർമാർജനം 9.70 കോടി രൂപ, ഭവന നിർമാണം, പുനരുദ്ധാരണം 4.08 കോടിയും കൃഷിയും അനുബന്ധ മേഖലയ്ക്കുമായി 1.03 കോടി രൂപയും നീക്കിവച്ചു.
അങ്കണവാടി പോഷകാഹാരം പദ്ധതി 52 ലക്ഷം, വിദ്യാഭ്യാസം 31 ലക്ഷം, റോഡ് നിർമാണം, അറ്റകുറ്റപ്പണി 30.45 ലക്ഷം, ആരോഗ്യം, പ്രതിരോധം 26 ലക്ഷം, കുടിവെള്ളം 28.76 ലക്ഷം, അങ്കണവാടിയും അനുബന്ധ സൗകര്യ വികസനം 28.57 ലക്ഷം, ഭിന്നശേഷി പദ്ധതി 20 ലക്ഷം, വൈദ്യുതി അനുബന്ധ പ്രവർത്തനം 19 ലക്ഷം, പാലിയേറ്റിവ് പരിചരണം 12 ലക്ഷം, ഷീ ഷെൽറ്റർ 5 ലക്ഷം, സ്മാർട്ട് അങ്കണവാടി 8.5 ലക്ഷം, ജൽ ജീവൻ പദ്ധതി എട്ട് ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്.
പഞ്ചായത്ത് അധ്യക്ഷ സതി രാമരാജൻ അധ്യക്ഷയായി. സ്ഥിരം അധ്യക്ഷൻ കെ. പ്രദീപ്, സെക്രട്ടറി കെ.സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.