ശീതകാല പച്ചക്കറി വിളവെടുപ്പ് ആരംഭിച്ചു
1280064
Thursday, March 23, 2023 12:25 AM IST
നെന്മാറ: അയിലൂർ കൃഷിഭവന് കീഴിൽ വീടുകളിൽ ഉത്പാദിപ്പിച്ച ശീതകാല പച്ചക്കറിയിനങ്ങളുടെ വിളവെടുപ്പുത്സവം നടത്തി. അടിപ്പെരണ്ട അലിമത്തിൽ റസീന സലീമിന്റെ അടുക്കള തോട്ടത്തിലെ ജൈവ രീതിയിൽ ഉത്പാദിപ്പിച്ച ശീതകാല പച്ചക്കറിയുടെ വിളവെടുപ്പാണ് നടത്തിയത്. വീട്ടാവശ്യങ്ങൾക്കുള്ള പച്ചക്കറികൾ വീടുകളിൽതന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പച്ചക്കറി വികസന പദ്ധതിയിലുൾപ്പെടുത്തി അയിലൂർ കൃഷി ഭവനിലൂടെ സൗജന്യമായി വിതരണം നടത്തിയ ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ളവർ എന്നിവയുടെ വിളവെടുപ്പുത്സവമാണ് നടത്തിയത്. വിഷരഹിത ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 36000 ത്തിൽ പരം പച്ചക്കറി തൈകളാണ് മാസങ്ങൾക്കു മുൻപ് അയിലൂർ കൃഷി ഭവനിലൂടെ വിതരണം നടത്തിയത്.
ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ മിസിരിയ ഹാരിസ്, സോബി ബെന്നി, കൃഷി ഓഫീസർ എസ്. കൃഷ്ണ, കൃഷി അസിസ്റ്റന്റ് സി.സന്തോഷ്, അടിപ്പെരണ്ട പാടശേഖര സമിതി സെക്രട്ടറി സെയ്ദ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.