പാലത്തിന്റെ കൈവരി തകർന്ന് ഒരു വർഷം, പുനർനിർമാണം നടത്താതെ അധികൃതർ
1279559
Tuesday, March 21, 2023 12:18 AM IST
കൊടുവായൂർ : പിട്ടുപീടിക-വെന്പലൂർ പ്രധാന പാത എത്തനൂരിൽ പാലത്തിന് കൈവരി തകർന്ന് ഒരു വർഷം കഴിഞ്ഞിട്ടും പുനർനിർമാണം വൈകുന്നതിൽ നാട്ടുകാരുടെയും യാത്രക്കാരുടെയും പ്രതിഷേധം ശക്തം.
എതിരെ വന്ന വാഹനത്തിനു വഴിമാറികൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട സിമന്റ് കയറ്റിവന്ന ലോറിയിടിച്ചാണ് കൈവിരി തകർന്നത്.
സ്ഥലത്തുണ്ടായിരുന്ന കരിങ്കല്ലിൽ ചക്രം ഇടിച്ച് നിന്നതിനാൽ ലോറി കനാലിൽ വിഴാവുന്ന അപകടം ഒഴിവായി. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കൈവിരി തകർന്ന പാലത്തിലൂടെ ഭീതിയോടെയാണ് നടന്നു പോവുന്നത്.
നാട്ടുകാരുടെ നിരന്തരം പരാതിപ്പെട്ടതിനെ തുടർന്ന് ബന്ധപ്പെട്ട വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഉടൻ പുനർനിർമ്മാണം നടത്തുമെന്നറിയിച്ച് പോയെങ്കിലും ഇതുവരേയും തുടർനടപടികളുണ്ടാവാത്തത് ജനരോഷത്തിന് കാരണമായിട്ടുണ്ട്.