നിയന്ത്രണംവിട്ട ലോറി വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി; മൂന്നുപേര്‍ക്ക് പരിക്ക്
1279552
Tuesday, March 21, 2023 12:17 AM IST
കല്ലടിക്കോട്: മുണ്ടൂർ ജംഗ്ഷനിൽ നിയന്ത്രണംതെറ്റിയ ലോറി ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറി മൂന്നു പേർക്ക് പരിക്ക്.
മംഗലാംകുന്ന് കാട്ടുകുളം സ്വദേശിയായ വിനോദ് (28), മുണ്ടൂർ പൂതനൂർ പുനത്തിൽപറന്പ് സ്വദേശികളായ അബ്ബാസ് (17), സുഫൈൽ എന്നിവർക്കാണ് പരിക്ക്.
വിനോദ് ജില്ലാ ആശുപത്രിയിലും ഇരുകാലുകൾക്കും പരിക്കുപറ്റിയ അബ്ബാസ് തൃശൂർ മെഡിക്കൽ കോളജിലും ചികിത്സയിലാണ്. സുഫൈലിന്റെ കാലിനടിയിൽ ചെറിയ മുറിവാണ് പറ്റിയത്.
മണ്ണാർക്കാട് ഭാഗത്തുനിന്നുവന്ന ലോറി മുണ്ടൂർ ജങ്ഷനിൽ പാലക്കാടു ഭാഗത്തേക്ക് തിരിഞ്ഞയുടനെയാണ് അപകടം.
അപകടത്തിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തെ കൂടാതെ രണ്ട് വൈദ്യുതത്തൂണുകളും റോഡരികിലുണ്ടായിരുന്ന തട്ടുകടയും രണ്ട് ബൈക്കുകളും തകർന്നു. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി അടുത്തിടെ നിർമിച്ചതാണ് ബസ് കാത്തിരിപ്പുകേന്ദ്രം. റോഡരികിലെ നടപ്പാത കയറിമറിഞ്ഞ് സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലും തകർത്ത് മുന്നോട്ട് നീങ്ങിയാണ് ലോറി നിന്നത്.