കേരളത്തിലേക്ക് കടത്തിയ രണ്ട് ടണ്‍ റേഷനരി പിടികൂടി
1279265
Monday, March 20, 2023 12:43 AM IST
കോയന്പത്തൂർ : കോയന്പത്തൂരിൽ നിന്ന് കേരളത്തിലേക്ക് രണ്ട് ടണ്‍ റേഷൻ അരി കടത്താൻ ശ്രമിച്ച കേസിൽ റേഷൻ കടയിലെ രണ്ട് വനിതാ ജീവനക്കാരടക്കം മൂന്ന് പേർ അറസ്റ്റിൽ.
റേഷൻ അരി കടത്ത് തടയാൻ കോയന്പത്തൂർ ജില്ലയിലുടനീളം കേരളത്തിലേക്കുള്ള റോഡുകളിൽ പോലീസ് സൂപ്രണ്ട് ബാലാജിയുടെ മേൽനോട്ടത്തിൽ പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം കുനിയമുത്തൂർ പുട്ടുവിക്കി റോഡിൽ സിവിൽ സപ്ലൈസ് ഡിവിഷൻ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് 50 കിലോ വീതമുള്ള 40 ചാക്കുകളിലായി റേഷൻ അരി കണ്ടെത്തിയത്. ഓട്ടോ ഓടിച്ചിരുന്ന അയ്യാദുരൈയെ പിടികൂടി ചോദ്യം ചെയ്തപ്പോൾ കോയന്പത്തൂർ സായിബാബ കോളനി എൻഎസ്ആർ റോഡിലെ രണ്ട് സഹകരണ റേഷൻ കടകളിൽ നിന്ന് തുക്കരൈ ബാലതുറൈ സ്വദേശി സുധാകർ കുറഞ്ഞ വിലയ്ക്ക് റേഷൻ അരി വാങ്ങിയതായി കണ്ടെത്തി.
സഹകരണ റേഷൻ കടയിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരായ വടവള്ളി സ്വദേശി മീനയും സിംഗനല്ലൂർ സ്വദേശി ലതയും കുറഞ്ഞ വിലയ്ക്ക് അരി വില്‍ക്കുന്നതായും കണ്ടെത്തി.
തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.