പ്രകൃതി ചൂഷണങ്ങൾ തടയാൻ സബ് കളക്ടറുടെ പ്രത്യേക സ്ക്വാഡ് വീണ്ടും പ്രവർത്തനം തുടങ്ങി
1279259
Monday, March 20, 2023 12:41 AM IST
ഷൊർണൂർ: പ്രകൃതി ചൂഷണങ്ങൾ തടയാൻ സബ്ബ് കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് വീണ്ടും പ്രവർത്തനം തുടങ്ങി.
അകാലചരമം പ്രാപിച്ച പ്രത്യേക സ്ക്വാഡിന്റെ പ്രവർത്തനങ്ങൾ സക്രിയമാക്കാനും വ്യാപകമായി പരിശോധനകൾ നടത്താനുമാണ് തീരുമാനം.
ഇതിന്റെ ഭാഗമായി റവന്യു ഡിവിഷൻ പരിധിയിൽ സബ് കളക്ടർ ഡി.ധർമലശ്രീയുടെ പ്രത്യേക സ്ക്വാഡും താലൂക്ക് റവന്യു സ്ക്വാഡുകളും വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി. പരിശോധനകളിൽ അനധികൃത ഖനനം കടത്ത് പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്ന 16 വാഹനങ്ങൾ പിടികൂടി.
വെള്ളിനേഴി ചാമക്കുന്നിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന കരിങ്കൽ ക്വാറിയിൽ നിന്ന് ഒരു കംപ്രസർ, മിനി മണ്ണുമാന്തി, ജിയോളജി വകുപ്പിന്റെ പെർമിറ്റോ ട്രാൻസിറ്റ് പാസോ ഇല്ലാതെ മണ്ണ്, കല്ല് എന്നിവ കടത്തിയതിനു ചളവറയിൽ നിന്ന് ഒരു ലോറി, കുളപ്പുള്ളിയിൽ നിന്ന് രണ്ടു ലോറികൾ, കയിലിയാടു നിന്നു 2 ലോറികൾ, നെല്ലായ ഇരുന്പാലശ്ശേരിയിൽ നിന്ന് ഒരു ലോറി, അലനല്ലൂരിൽ നിന്ന് ലോറിയും മണ്ണുമാന്തിയും മേലെ പട്ടാന്പിയിൽ നിന്ന് ലോറി, മണ്ണുമാന്തി, പട്ടിത്തറയിൽ നിന്ന് ലോറി, മണ്ണുമാന്തി, വാണിയംകുളത്തു നിന്ന് ലോറി എന്നിങ്ങനെ 16 വാഹനങ്ങളാണു പിടികൂടിയത്.
അനധികൃതമായി പ്രവർത്തിച്ച കരിങ്കൽ ക്വാറിക്കും മറ്റു വാഹനങ്ങൾക്കും പിഴ ഈടാക്കാനും മറ്റു നിയമനടപടികൾ സ്വീകരിക്കാനും കളക്ടർക്കു വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നു റവന്യു അധികൃതർ അറിയിച്ചു.
ഡപ്യൂട്ടി തഹസിൽദാർമാരായ കെ.സി.കൃഷ്ണകുമാർ, പി.ആർ.മോഹനൻ, വി.എം.സുമ, പി.വിജയകുമാർ, ഷിനോയ് ജോർജ്, വില്ലേജ് ഓഫിസർമാരായ സി.അലി, പി.പ്രിയേഷ്, പി.സതീശൻ, കെ.രമേശ് എന്നിവർ റെയ്ഡിനു നേതൃത്വം നൽകി.