അജ്ഞാത വാഹനമിനിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
1279168
Sunday, March 19, 2023 11:26 PM IST
മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ചിറക്കൽപ്പടി ചൂരിയോടിനു സമീപം അജ്ഞാത വാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ചൂരിയോട് വാരിയങ്ങാട്ടിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ അബ്ദുൾ നാസർ (55) ആണ് മരിച്ചത്.
ഇന്നലെ പുലർച്ചെ ആറോടെ വഴിയാത്രക്കാരാണ് അബ്ദുൾ നാസറിനെ റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടത്. ഉടൻ തച്ചന്പാറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. ചിറക്കൽപ്പടിയിലെ ഹോട്ടൽ ജീവനക്കാരനായ അബ്ദുൾ നാസർ പുലർച്ചെ വീട്ടിൽ നിന്ന് ജോലിക്കായി നടന്നു പോകുന്നതിനിടെയാണ് അപകടം. വാഹനമിടിച്ച് ഇയാളുടെ ശരീരത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇടിച്ച വാഹനം ഏതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക്ശേഷം പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്കു വിട്ടു നല്കി. കബറടക്കം നടത്തി.
ഇടിച്ച വാഹനം ഏതെന്ന് കണ്ടെത്തുവാനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് മണ്ണാർക്കാട് പോലീസ് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഉമ്മ: സൈനബ. ഭാര്യ: സാഹിറ. മക്കൾ: നിഹാൽ, നിഷ്ല.