ജനാധിപത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടവർ പൗരന്മാർ: ജില്ലാ കളക്ടർ
1262351
Thursday, January 26, 2023 12:34 AM IST
പാലക്കാട്: ജനാധിപത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ടവർ പൗരന്മാരാണെന്ന് ജില്ലാ കളക്ടർ മൃണ്മയി ജോഷി പറഞ്ഞു. ദേശീയ വോട്ടേഴ്സ് ദിനാചരണം കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ. ജനാധിപത്യ വ്യവസ്ഥയിൽ ഉദ്യോഗസ്ഥരെക്കാളും പ്രാധാന്യമർഹിക്കുന്നത് പൗരന്മാരാണ്. വോട്ട് ചെയ്ത ശേഷം വോട്ട് ചെയ്ത വ്യക്തി അവരുടെ ജോലി, ഉത്തരവാദിത്തങ്ങൾ, ശരിയായി വിനിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. സ്വതന്ത്രമായി ചിന്തിക്കാൻ കഴിവുള്ള പുതിയ തലമുറ സമ്മതിദാനാവകാശം നല്ല രീതിയിൽ ഉപയോഗിക്കണമെന്നും കളക്ടർ പറഞ്ഞു.
17 വയസ് കഴിഞ്ഞ എല്ലാവർക്കും വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെന്നും ഇലക്ഷൻ ഐഡിയും ആധാർ കാർഡും ബന്ധിപ്പിക്കാൻ വോട്ടേഴ്സ് ഹെൽപ്പ് ലൈൻ ആപ്പ് യുവ തലമുറ ഉപയോഗപ്പെടുത്തണമെന്നും പരിപാടിയിൽ മുഖ്യാതിഥിയായ കോമണ്‍വെൽത്ത് ഗെയിംസ് വെള്ളി മെഡൽ ജേതാവ് ശ്രീശങ്കർ മുരളി പറഞ്ഞു.
പരിപാടിയിൽ എ.ഡി.എം കെ. മണികണ്ഠൻ അധ്യക്ഷനായി. വോട്ടർ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം ജില്ലാ കലക്ടർ മൃണ്മയി ജോഷി ശ്രീശങ്കർ മുരളിക്ക് നൽകി നിർവഹിച്ചു.
കേരളത്തിലെ ഏറ്റവും മികച്ച ഇലക്ഷൻ ലിറ്ററസി ക്ലബ്ബായ അഗളി ജി.വി.എച്ച്.എസ് സ്കൂളിനെ ജില്ലയിലെ ഏറ്റവും മികച്ച ഇലക്ഷൻ ക്ലബായി തെരഞ്ഞെടുത്തു.
മികച്ച പ്രകടനം കാഴ്ചവച്ച ഇലക്ഷൻ ലിറ്ററസി ക്ലബ്ബായി വാണിയംകുളം ടി.ആർ.കെ സ്കൂളിനയും വടക്കഞ്ചേരി കോളെജ് ഓഫ് അപ്ലൈഡ് സയൻസിനെയും തെരഞ്ഞെടുത്തു.
പരിപാടിയിൽ ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) കെ. മധു, ജില്ലാ തെരഞ്ഞെടുപ്പ് അസിസ്റ്റന്റ് ടോംസ്, ജി.വി.എച്ച്.എസ്.എസ് അഗളി സ്കൂൾ അധ്യാപകൻ ടി. സത്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.