കേന്ദ്രമന്ത്രിയോടു പരാധീനത പറഞ്ഞ് ആദിവാസി വീട്ടമ്മമാർ
1262347
Thursday, January 26, 2023 12:34 AM IST
അഗളി: അട്ടപ്പാടി ഭൂതയാർ ഉൗരിലെത്തിയ കേന്ദ്രമന്ത്രി ഭഗവന്ത് ഖുബയ്ക്ക് മുന്നിൽ തങ്ങളുടെ ദുരവസ്ഥ വിവരിച്ച് ആദിവാസി കുടുംബങ്ങൾ.
കേന്ദ്രപദ്ധതികളുടെ ആനുകൂല്യം തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും ജൽജീവൻ മിഷൻ പദ്ധതിയും, പ്രധാനമന്ത്രി ഉജ്ജ്വൽ യോജനയും തങ്ങൾക്കിന്നും അന്യമാണെന്നും മന്ത്രിയോട് പരാതിപ്പെട്ടു.
പട്ടയം ലഭിക്കാത്തതും,വനവാസി ഉൗരുകളിലേക്ക് യാത്രാ സൗകാര്യങ്ങളില്ലാത്തതും, ഉള്ള റോഡുകളുടെ ശോച്യാവസ്ഥയും ഉൾപ്പെടെ തങ്ങൾ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങൾ മന്ത്രിക്കുമുന്നിൽ നിരത്തി.പണിയെടുത്തിട്ടും തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ലഭിച്ചില്ലെന്നും വനവാസി അമ്മമാർ പറഞ്ഞു.
ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് അതത് കേന്ദ്ര മന്ത്രിമാരുടെയും, വകുപ്പുകളുടെയും,ജില്ലാകളക്ടറുടെയും ശ്രദ്ധയിപ്പെടുത്തി ഉടൻ പ്രശ്നപരിഹാരമുണ്ടാക്കുമെന്ന് കേന്ദ്രമന്ത്രി ഭഗവന്ത് ഖുബ ഉറപ്പുനൽകി.
തുടർന്ന് സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ആശുപത്രി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.
മെഡിക്കൽ മിഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.നാരായണന്റെ നേതൃത്വത്തിൽ മന്ത്രിയെ സ്വീകരിച്ചു.
ബിജെപി അട്ടപ്പാടി മണ്ഡലം കമ്മിറ്റി യോഗത്തിലും മന്ത്രി പങ്കെടുത്തു. എം.ഗണേശൻ, സി. കൃഷ്ണകുമാർ, പി. കെ.രഘുനാഥ്, കെ.എം.ഹരിദാസ്, ടി.ശങ്കരൻകുട്ടി, കെ.പ്രമോദ് കുമാർ, കെ.ധർമ്മരാജൻ, കെ.ശ്രീനിവാസൻ, കെ.സിബി എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.