മന്പാട് പുഴപ്പാലം പുതുക്കിപണിയുന്ന പ്രവൃത്തികൾ വേഗത്തിൽ
1262346
Thursday, January 26, 2023 12:34 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി കുണ്ടുക്കാട് ഇളവംപാടം ചിറ്റടി റോഡിൽ മന്പാട് പുഴപ്പാലം (പുന്നപ്പാടം കോസ്വേ) പുതുക്കി പണിയുന്ന പ്രവൃത്തികൾ ദ്രുതഗതിയിൽ. പാലത്തിന്റെ രണ്ട് പില്ലർ വർക്കുകളും അവസാന ഘട്ടത്തിലാണ്. വീതി കുറഞ്ഞതും ഉയര കുറവുമുള്ള നിലവിലെ പാലം പൂർണമായും പൊളിച്ച് നീക്കി ഉയരം കൂട്ടി 11 മീറ്റർ വീതിയിലാണ് പുതിയപാലം നിർമ്മിക്കുന്നത്. നാല് മീറ്റർ പാലം ഉയർത്തി പണിയുമെന്ന് എൻജിനീയർ നജീബ് പറഞ്ഞു.
കെ.ഡി. പ്രസേനൻ എംഎൽഎ യുടെ ശ്രമഫലമായി കിഫ്ബിയിൽ നിന്നും ആറര കോടി രൂപയാണ് പാലം നിർമാണത്തിനായി അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ മേയ് 10 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്.
എന്നാൽ കാലവർഷം കനത്തതോടെ പ്രവൃത്തികൾ ആരംഭിക്കുന്നത് നീണ്ടുപോയി. 18 മാസമാണ് നിർമാണ കാലാവധിയെങ്കിലും ഒരു വർഷം കൊണ്ട് തന്നെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യം വച്ചിട്ടുള്ളതെന്ന് കരാർ കന്പനി അധികൃതർ പറഞ്ഞു.
മലപ്പുറം കേന്ദ്രീകരിച്ചുള്ള എബിഎം ഫോർ കണ്സ്ട്രക്ഷൻ കന്പനിയാണ് കരാറെടുത്തിട്ടുള്ളത്. മഴക്കാലമാകുന്പോൾ പാലം മുങ്ങി കിഴക്കഞ്ചേരി രണ്ട് വില്ലേജിലെ പുന്നപ്പാടം, തച്ചക്കോട്, ഇളവംപാടം, കണിയമംഗലം പ്രദേശത്തുള്ളവർ പല ദിവസങ്ങളിലും ഒറ്റപ്പെടുന്നത് പതിവാണ്. മംഗലംഡാമിൽ നിന്നും പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ നിന്നുളള വെള്ളം ഈ പുഴ വഴിയാണ് ഒഴുകിയെത്തുന്നത്.