മംഗലംഡാമിൽ വിദ്യാർഥികൾക്ക് പേപ്പട്ടിയുടെ കടിയേറ്റു
1262044
Wednesday, January 25, 2023 12:41 AM IST
മംഗലംഡാം: വിദ്യാർഥികൾക്ക് പേപ്പട്ടിയുടെ കടിയേറ്റു. ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ പൂതംകോട് സുഭാഷിന്റെ മകൻ സുബിൻ (15) പൂതംകോട് ശിവരശന്റെ മകൾ അദൃശ (15) എന്നിവർക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്.
സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർഥികളെ ടൗണിൽ വച്ച് ഓടി വന്ന് കടിക്കുകയായിരുന്നു. മറ്റു തെരുവു നായ്ക്കളേയും കടിച്ചതായി നാട്ടുകാർ പറഞ്ഞു.
കൈക്കും കാലിനും കടിയേറ്റ വിദ്യാർഥികൾ നെന്മാറ ഗവ.ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
മംഗലംഡാം ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കൂട്ടത്തോടെ കടിപിടി കൂടുന്ന നായ്ക്കൾ പലപ്പോഴും ജനങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്.
പെരുകി കൊണ്ടിരിക്കുന്ന തെരുവ് നായ്ക്കളിൽ നിന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ബന്ധപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.