ഭാരതപ്പുഴ സംരക്ഷണത്തിന് ജൈവവേലി നിർമിക്കാൻ പദ്ധതി
1262039
Wednesday, January 25, 2023 12:41 AM IST
ഒറ്റപ്പാലം: ഭാരതപ്പുഴ സംരക്ഷണത്തിന് ജൈവവേലി നിർമ്മിക്കാൻ പദ്ധതി. ഭാരതപ്പുഴയുടെ തീര സംരക്ഷണം ഉറപ്പാക്കാനാണ് ജൈവവേലി നിർമ്മിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇതിനായി 10 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് പദ്ധതിയുടെ ആദ്യഘട്ടമായി മായന്നൂർ പാലത്തിന് താഴെ വെട്ടിത്തെളിച്ച് നിലമൊരുക്കുന്ന പ്രവർത്തികൾ ആരംഭിച്ചു. ഇതിനോടൊപ്പം റവന്യൂ വകുപ്പ് പുഴയുടെ അതിരുകൾ നിർണയിക്കുന്ന സർവേ നടപടികളും ആരംഭിച്ചു.
ഇവിടെ കുഴികൾ ഒരുക്കി മുള ഉൾപ്പെടെയുള്ള സസ്യങ്ങൾ വെച്ചുപിടിപ്പിക്കാനാണ് തീരുമാനം. ജൂണ്‍ മാസത്തോടെയാവും സസ്യങ്ങൾ വെച്ചുപിടിപ്പിക്കുക. നഗരസഭ റവന്യൂ എന്നിവയോടൊപ്പം വനം, മൈനർ ഇറിഗേഷൻ വകുപ്പുകളും ജൈവവേലി നിർമ്മാണത്തിൽ പങ്കുചേരുന്നുണ്ട്. ഭാരതപ്പുഴയുടെ സംരക്ഷണത്തിന് വിവിധ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ മാത്രമാണ് ഇത്രയും കാലം ഉണ്ടായിരുന്നത.്
പുഴയുടെ അതിരുകൾ വേർതിരിച്ച് സംരക്ഷണഭിത്തി സ്ഥാപിക്കണമെന്ന ആവശ്യവും ഇതിനുവേണ്ടി ആവിഷ്കരിച്ച പദ്ധതിയുമെല്ലാം പാഴ് വാക്കായി തീർന്ന സാഹചര്യമാണ് മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. എന്നാൽ ജൈവവേലി സ്ഥാപിച്ച് ഭാരതപ്പുഴയുടെ വൃഷ്ടി പ്രദേശങ്ങളിൽ സസ്യങ്ങൾ വെച്ചുപിടിപ്പിച്ച് പുഴ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്ന പക്ഷം ഇത് വളരെയേറെ പുഴയ്ക്ക് ഗുണം ചെയ്യും. ഒറ്റപ്പാലം നഗരസഭ നടപ്പിലാക്കുന്ന നൂതന പദ്ധതി മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഫലപ്രദമായി നടപ്പിലാക്കാൻ കഴിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പദ്ധതിക്ക് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്താമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.