വന്യമൃഗങ്ങൾ നശിപ്പിച്ച കാർഷിക വിളകളുമായി ഡിഎഫ്ഒ ഓഫീസിലേക്ക് കർഷകർ മാർച്ച് നടത്തി
1228116
Friday, October 7, 2022 1:07 AM IST
നെന്മാറ: കാട്ടാനയും കാട്ടുപന്നിയും മാനും മറ്റു വന്യമൃഗങ്ങളും തിന്നും ചവിട്ടിയും നശിപ്പിച്ച ചേന, കപ്പ, വാഴ, തെങ്ങിൻ കുലകൾ, നെൽക്കതിർ, എന്നീ കാർഷിക വിളകളും ചുമന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷകർ നെ ന്മാറ അയിനം പാടത്തുനിന്നും ഡിഎഫ്ഒ ഓഫീസിലേക്കു മാർച്ച് നടത്തി. നാശം വന്ന വിളകളും ചുമന്നുള്ള കർഷകരുടെ പുതിയ രീതിയിലുള്ള മാർച്ച് റോഡിലൂടെയുള്ള യാത്രക്കാർക്കു കൗതുകമായി.
മാർച്ച് ഡിഎഫ്ഒ ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു. നെന്മാറ, അയിലൂർ, മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി, വടവന്നൂർ, പല്ലശന, പുതുനഗരം, കൊടുവായൂർ പഞ്ചായത്തുകളിലെ കർഷകസമിതികളുടെ സഹായത്തോടെയാണ് കർഷക സംരക്ഷണ സമിതി നെന്മാറ ഡിഎഫ്ഒ ഓഫീസിലേക്കു മാർച്ച് നടത്തിയത്. ജീവനും സ്വത്തിനും സംരക്ഷണം നല്കുന്നതിനുള്ള വീഴ്ചയും വന്യമൃഗങ്ങൾ മൂലമുള്ള വിളനാശം തടയാത്തതിലും വന്യമൃഗശല്യം രൂക്ഷമായ കാർഷിക മേഖലയെ സംരക്ഷിക്കാൻ ആവശ്യമായ തോക്കു ലൈസൻസുകാർ ഇല്ലാത്തതിനാൽ കാട്ടുപന്നികളെ ക്ഷുദ്രജീവിയാക്കി പ്രഖ്യാപിച്ച് കൊല്ലാനുള്ള അധികാരം കർഷകർക്കു നൽകുക, നെന്മാറ ഡിഎഫ്ഒയ്ക്കു കീഴിൽ ആർആർടി രൂപീകരിക്കുക, നഷ്ടപരിഹാരത്തുക വർധിപ്പിക്കുക, പോലീസിൽ സറണ്ടർ ചെയ്ത കർഷകരുടെ തോക്കുകൾ തിരികെ നല്കുക.
കാട്ടുമൃഗങ്ങൾ കൃഷിയിടങ്ങളിൽ ഇറങ്ങുന്നതു തടയാൻ ഉറപ്പുള്ള വൈദ്യുതിവേലി സ്ഥാപിക്കുക. വനംവകുപ്പിന്റെ നിഷേധാത്മക നടപടികൾക്കെതിരെയും തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളും ബാനറും കേടുവന്ന കാർഷിക വിളകളും ഉയർത്തിപ്പിടിച്ചാണ് മാർച്ച് നടത്തിയത്.
കെ. ചിദംബരം കുട്ടി, സി. വിജയൻ, സി. പ്രഭാകരൻ, എം. അനിൽ ബാബു, കെ. ശിവാനന്ദൻ, ആർ. മനോഹരൻ, രാമദാസ് പല്ലശന, അബ്ബാസ് കരിന്പാറ, രാമനാഥൻ തേവർ മണി, പ്രഭാകരൻ അയിലൂർ, സഹദേവൻ എലവഞ്ചേരി, സുകുമാരൻ പുതുനഗരം, രാധാകൃഷ്ണൻ വടവന്നൂർ, ഗോവിന്ദൻ കൊടുവായൂർ തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ചിനുശേഷം കർഷകർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനവും കാട്ടാന നശിപ്പിച്ച തെങ്ങിൻ കുലയും ഡിഎഫ്ഒയ്ക്കു സമർപ്പിച്ചു. ഡിഎഫ്ഒയുമായി കാർഷിക മേഖലയിലെ വന്യമൃഗ ശല്യത്തെകുറിച്ച് കർഷക സംരക്ഷണ സമിതി ഭാരവാഹികൾ ചർച്ചകൾ നടത്തി.
ആർആർടി ഉൾപ്പെടെയുള്ള നടപടികൾക്കു ശ്രമിക്കാമെന്നും വാഹനവും ആർആർടിക്ക് ആവശ്യമായ ജീവനക്കാരുടെ കുറവും പരിഹരിക്കേണ്ടതുണ്ടെന്നും വന്യമൃഗങ്ങളെ കാട്ടിലേക്കു കയറ്റി അയക്കുന്നതിനും കൂടുതൽ പ്രദേശങ്ങളിൽ തൂക്കുവേലിയും നിലവിലെ വൈദ്യുത വേലി വിപുലീകരണ നടപടികളും വിളനഷ്ടം ഉണ്ടായവർക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കാം എന്നും ഡിഎഫ്ഒ ഉറപ്പു നല്കി.
പഞ്ചായത്ത് തലത്തിൽ യോഗം വിളിച്ച് കർഷകരുടെ പ്രശ്നങ്ങൾ ഭരണാധികാരികൾക്ക് മുന്നിലെത്തിക്കാമെന്നും ധാരണയായി.