കടയിൽനിന്ന് മൊബൈൽ ഫോണ് തട്ടിയെടുത്ത് മൂവർ സംഘം രക്ഷപ്പെട്ടു
1227716
Thursday, October 6, 2022 12:30 AM IST
ചെർപ്പുളശേരി: ചളവറയിൽ പട്ടാപ്പകൽ കടയിൽ കയറി മൊബൈൽ ഫോണ് തട്ടിയെടുത്ത് മൂവർ സംഘം ബൈക്കിൽ രക്ഷപ്പെട്ടു. ചളവറ പാലാട്ടു പടിയിൽ കാഞ്ഞിരപ്പുഴ കനാൽ റോഡിനരികെയുള്ള ചെരവത്തൊടി അബൂബക്കറിന്റെ പലചരക്കു കടയിൽ കയറിയാണ് ബൈക്കിലെത്തിയ മൂവർ സംഘം മൊബൈൽ ഫോണ് തട്ടിയെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് ഒരു ബൈക്കിൽ എത്തിയ മൂവർ സംഘത്തിലെ രണ്ടു പേർ കടയിൽ വന്ന് അബൂബക്കറിനോട് സിഗരറ്റ് ആവശ്യപ്പെട്ടു. ഇത് നൽകിയ ഉടനെ മേശപ്പുറത്ത് വച്ചിരുന്ന മൊബൈൽ ഫോണ് തട്ടിയെടുത്ത് രണ്ടു പേരും ബൈക്ക് സ്റ്റാർട്ട് ആക്കി നിർത്തിയിരുന്ന മൂന്നാമനൊപ്പം രക്ഷപ്പെടുകയായിരുന്നു. നാട്ടിൽ മുന്പുകണ്ട് പരിചയമില്ലാത്തവരാണ് മൂന്നുപേർ എന്നും അബൂബക്കർ പറഞ്ഞു. സമീപത്തെ ഒരു വീട്ടിലെ സിസി ടിവിയിൽ ഇവരുടെ ദൃശ്യം ലഭ്യമായിട്ടുണ്ട്. ചെർപ്പുളശേരി പോലീസിൽ പരാതി നൽകി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.