പ്ലാച്ചിമട നഷ്ടപരിഹാര ബിൽ നിയമമാക്കാത്തത് കേരളത്തിന് അപമാനം: മേധാ പട്കർ
1227715
Thursday, October 6, 2022 12:30 AM IST
പ്ലാച്ചിമട : കോള കന്പനി വരുത്തി വച്ച നാശ നഷ്ടങ്ങൾ കന്പനിയിൽ നിന്ന് ഈടാക്കി നൽകുന്നതിന് കേരള നിയമസഭ ഐകകണ്ഠേന പാസാക്കിയ ട്രൈബ്യൂണൽ ബിൽ നിയമമായി നടപ്പാക്കാൻ കഴിയത്തത് രാഷ്ട്രീയ കേരളത്തിന് അപമാനമാണെന്ന് എൻഎപിഎം ദേശീയ ഉപദേഷ്ടാവും സാമൂഹ്യ പ്രവർത്തകയുമായ മേധ പട്കർ. പ്ലാച്ചിമട കോള കന്പനിക്കു മുന്നിൽ നടന്ന കേരളം പ്ലാച്ചിമടയിലേക്ക് എന്ന ബഹുജന ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധാ പട്കർ.
വൈകിയെത്തിയ നീതി നിഷേധമാണെന്നും പ്ലാച്ചിമടയിലെ ആദിവാസികൾക്കും കർഷകർക്കും നീതി ഉറപ്പാക്കാൻ എംപിമാരും എംഎൽഎമാരും അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നും മേധ പട്കർ ആവശ്യപ്പെട്ടു. ഗോൾഡ് മാൻ അവാർഡ് ജേതാവ് പ്രഫുല്ല സാമന്തറ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
പ്ലാച്ചിമട സമരസമിതി ചെയർമാൻ വിളയോടി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. അന്പലക്കാട് വിജയൻ, സി.ആർ. നീലകണ്ഠൻ, മായാണ്ടി, ഇസാബിൻ അബ്ദുൾകരീം, സുലൈമാൻ, വാസുദേവൻ, ശരത് ചേലൂർ, ജോണ് പെരുവന്താനം, എൻ. സുബ്രമണ്യൻ, എൻ.ഡി. വേണു, വി.ഡി. മജീന്ദ്രൻ, സജീവൻ, നേജു ഇസ്മെയിൽ, എസ്.രാജീവൻ, മിർസാദ് റഹ്മാൻ, മുതലാംതോട് മണി, ഡോ. മാന്നാർ ജി. രാധാകൃഷ്ണൻ, ശാന്തി, ശക്തിവേൽ, ഡോ.ജേക്കബ് വടക്കുംചേരി, എം. സുൽഫത്ത്, പുതുശേരി ശ്രീനിവാസൻ, പ്രൊഫ. കുസുമം ജോസഫ്, വിജയരാഘവൻ ചേലിയ, രാധാകൃഷ്ണൻ മണ്ണാർക്കാട്, സന്തോഷ് മലന്പുഴ, കെ.കെ. കുഞ്ഞിമൊയ്തീൻ, പദ്മമോഹൻ, ദേവനാരായണൻ, എം.എൻ. ഗിരി എന്നിവർ സംസാരിച്ചു.
മേധാ പട്കറുടെ നേതൃത്വത്തിൽ കന്നിമാരി ജംഗ്ഷനിൽ നിന്നും സമ്മേളന വേദിയിലേക്ക് പ്രകടനം നടത്തി.