ദന്പതികളെ ആക്രമിച്ച് ബന്ദികളാക്കി കവർച്ച; പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്
1226189
Friday, September 30, 2022 12:34 AM IST
വടക്കഞ്ചേരി: ദേശീയപാത ചുവട്ടു പാടത്ത് ദന്പതികളെ ആക്രമിച്ച് ബന്ദികളാക്കി 25 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന കേസിലെ കവർച്ചാസംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി സൂചന. സംഘം എത്തിയ കാറും ബൈക്കും തിരിച്ചറിഞ്ഞെന്നാണ് വിവരം. സംഘാംഗങ്ങളായ ചെറുപ്പക്കാർ തമിഴ് നാട്ടുക്കാരാണെന്നാണ് അറിയുന്നത്. കെഎൽ 11 എന്ന നന്പറിലുള്ള ചാര കളർ ഹോണ്ട സിറ്റി കാറാണ് സംഭവസമയം വീടിനടുത്ത് വന്നിട്ടുള്ളതായി സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്.
ഇതിനെ തുടർന്ന് അന്വേഷണ സംഘം കോഴിക്കോട് പോയി ഇതേ നന്പറും കളറുമുള്ള കാർ കണ്ടെത്തിയെങ്കിലും അവിടെ കണ്ടെത്തിയ കാർ ഇത്തരം കൃത്യങ്ങൾക്ക് സ്ഥലത്ത് എത്തിയിരുന്നില്ലെന്ന് തെളിഞ്ഞിരുന്നു. കാറിൽ വ്യാജ നന്പർ സ്ഥാപിച്ചായിരുന്നു കവർച്ചക്കായി സംഘം എത്തിയതെന്ന് ഇതോടെ പോലീസിന് ഉറപ്പായി. പിന്നീട് തമിഴ്നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികളിലേക്ക് എത്താൻ കഴിഞ്ഞത്. ചെറുസംഘങ്ങളായി പല ഭാഗത്തായാണ് അന്വേഷണം നടത്തിയിരുന്നത്.
കാർ മോഷ്ടിച്ചതാകാൻ സാധ്യതയുള്ളതിനാൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെട്ടും അന്വേഷണം തുടരുന്നുണ്ട്. ഇക്കഴിഞ്ഞ 22ന് രാത്രി ഒന്പത് മണിയോടെയാണ് കെഎസ്ആർടിസിയിൽ നിന്നും റിട്ടയർ ചെയ്ത ചുവട്ടുപാടം പുതിയേടത്ത് സാം പി.ജോണിന്റെ വീട്ടിൽ കവർച്ച നടന്നത്.
ആറോളം പേർ വീടിനു മുന്നിലെ വാതിലിനടുത്ത് ഒളിഞ്ഞു നിന്ന് ഈ സമയം ഒരാൾ ഗെയ്റ്റിനു മുന്നിൽ ബൈക്ക് നിർത്തി തുടർച്ചയായി ഹോണ് മുഴക്കുകയായിരുന്നു. കൂട്ടുകാർ ആരെങ്കിലും അത്യാവശ്യത്തിന് വിളിക്കുന്നതാകുമെന്ന് കരുതിയാണ് ആളറിയാതെ വാതിൽ തുറക്കരുതെന്ന ഭാര്യയുടെ വാക്ക് വകവെക്കാതെ വാതിൽ തുറന്ന് കുടുങ്ങിയത്.
സാമിനെ ആക്രമിച്ച് അവശനാക്കി ഉടുതുണി കീറി കൈകാലുകൾ ബന്ധിക്കുകയായിരുന്നു. കണ്ണിനു താഴെയാണ് സാമിന് ഗുരുതരമായി പരിക്കേറ്റത്.മർദ്ദനത്തിൽ മൂന്ന് പല്ലുകളും തെറിച്ച് വീണു.
ആലത്തൂർ ഡിവൈഎസ്പി ആർ.അശോകൻ, വടക്കഞ്ചേരി സിഐ ആദംഖാൻ, എസ്ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്പി, ഡിവൈഎസ്പി, സിഐ എന്നിവരുടെ കുറ്റാന്വേഷണ വിഭാഗങ്ങളിൽ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷണം നടത്തുന്നത്.