അന്പലപ്പാറ പഞ്ചായത്തിൽ പൊതുകിണറുകൾ നവീകരിക്കും
1225415
Wednesday, September 28, 2022 12:32 AM IST
ഒറ്റപ്പാലം: ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി അന്പലപ്പാറ പഞ്ചായത്തിൽ പൊതുകിണറുകൾ നവീകരിക്കും.
20 വാർഡുകളിലെ 100 കിണറുകളാണ് നവീകരിച്ച് അതത് പ്രദേശങ്ങളിലെ കുടിവെള്ളപ്രശ്നത്തിന് അല്പമെങ്കിലും പരിഹാരം കാണാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനുവേണ്ടി 23.69 ലക്ഷം രൂപയാണു വകയിരുത്തിയിട്ടുള്ളത്.
കിണറുകൾ പരിശോധിച്ച് ഉപയോഗിക്കാറുള്ളതും ഉപയോഗിക്കാൻ പറ്റുന്നതുമാണ് നവീകരിക്കുന്നത്. കിണറിലെ ചെളി നീക്കം ചെയ്യൽ, പടവ് കെട്ടൽ, ഗ്രിൽ, സംരക്ഷണഭിത്തി സ്ഥാപിക്കൽ, പരിസരശുചീകരണം എന്നിവ നടത്തും. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് അന്പലപ്പാറ.
പഞ്ചായത്തിൽ ഏകദേശം 120ലധികം പൊതുകിണറുകളുണ്ടെന്നാണ് കണക്ക്. കിണറുകളോ കുഴൽക്കിണറുകളോ ഇല്ലാത്ത വീടുകളിലെ നിരവധി കുടുംബങ്ങൾക്ക് ആശ്രയം പൊതുകിണറുകളാണ്. ഓരോ വാർഡിലും ആറോ ഏഴോ പൊതുകിണറുകളാണ് ഉള്ളത്. ഇതിൽ പലതിലും വെള്ളമുണ്ടെങ്കിലും ഉപയോഗിക്കാതെ കിടക്കുന്നവയുമുണ്ട്.
ഉപയോഗിക്കുന്ന കിണറുകൾ തന്നെ പലതും പരിപാലനമില്ലാത്തതിനാൽ തകർന്നിട്ടുണ്ട്. ജനങ്ങളുടെ കുടിവെള്ളപ്രശ്നം മുന്നിൽ കണ്ടാണ് ഇത്തരമൊരു പദ്ധതിയെന്നും ഇതുവഴി കുറച്ച് കുടുംബങ്ങൾക്കെങ്കിലും വെള്ളം ലഭിക്കാൻ വഴിയൊരുങ്ങുമെന്നും അന്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി. വിജയലക്ഷ്മി അറിയിച്ചു.