ഡാം സുരക്ഷയിൽ ആശങ്ക വേണ്ടെന്ന് ജലസേചന വകുപ്പ്
1223830
Friday, September 23, 2022 12:29 AM IST
നെന്മാറ: പറന്പിക്കുളം അണക്കെട്ടിലെ ഷട്ടർ തകർന്ന് വെള്ളം അനിയന്ത്രിതമായി തുറന്നു വിടേണ്ടിവന്ന സാഹചര്യമുണ്ടായി. അണക്കെട്ടുകളുടെ സമീപത്ത് താമസിക്കുന്നവരുടെ ആശങ്ക ജലസേചന വകുപ്പ് ഓഫീസുകളിൽ ഫോണ് മുഖേനയുള്ള അന്വേഷണങ്ങൾ തുടരുന്നതായി വകുപ്പ് അധികൃതർ പറയുന്നു.
പോത്തുണ്ടി ഡാമും ജില്ലയിലെ മറ്റു ഡാമുകളിലെയും സുരക്ഷയെക്കുറിച്ച് ആശങ്ക വേണ്ടെന്നും വിദഗ്ധർ അടങ്ങിയ ഡാം സേഫ്റ്റി അഥോറിറ്റിയും ഡാം സേഫ്റ്റി റെഗുലേറ്ററി പാനലും ഒന്നിടവിട്ട വർഷങ്ങളിൽ ഡാമുകളിൽ സുരക്ഷ പരിശോധന നടത്തി ആവശ്യമായ അറ്റകുറ്റപ്പണികളും മുൻകരുതലുകളും നിർദേശിച്ചു നടപ്പാക്കാറുണ്ട്.
എല്ലാവർഷവും മഴക്കാലത്തിനു മുന്പ് തന്നെ കനാലുകളിലേക്കും പുഴയിലേക്കും തുറക്കുന്ന ഷട്ടറുകളുടെ വാർഷിക അറ്റകുറ്റപ്പണികളും ഗ്രീസ് ഇടൽ, വൈദ്യുതി നിലച്ചാൽ മോട്ടോറുകൾക്ക് ബദലായി ഷട്ടറുകൾ കായികമായി തുറക്കാനുള്ള സംവിധാനം തുടങ്ങിയ സുരക്ഷാ പരിശോധനകൾ നടത്താറുണ്ട്. കൂടാതെ വർഷത്തിൽ നാലു തവണ എക്സിക്യൂട്ടീവ് എൻജിനീയർ ഓരോ ഡാമും വിദഗ്ധ സംഘത്തോടൊപ്പം നാലു പ്രാവശ്യം പരിശോധിക്കാറുണ്ട്. പോത്തുണ്ടി അണക്കെട്ടിൽ 2022 ജൂലൈ 25ന് വിദഗ്ധർ ഉൾപ്പെടുന്ന ഡാം സുരക്ഷ റെഗുലേറ്ററി പാനൽ സന്ദർശിച്ച് ആവശ്യമായ നിർദേശങ്ങൾ നല്കി പാലിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.