സോളാര്‍ ഫെന്‍സിംഗ് നിര്‍മാണം ആരംഭിച്ചു; പാലപ്പിള്ളിക്കാരുടെ കാത്തിരിപ്പ് നീളും
1514571
Sunday, February 16, 2025 2:02 AM IST
പുതുക്കാട്: കാട്ടാനയെ തടയാന്‍ ഹാംഗിംഗ് സോളാര്‍ ഫെന്‍സിംഗ് പദ്ധതി വരുന്നതും കാത്തിരിക്കുകയാണ് പാലപ്പിള്ളി മേഖലയിലുള്ളവര്‍. വന്യജീവി ആക്രമണം തടയുന്നതിനു വനംവകുപ്പാണ് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന തൂക്കുവേലി സ്ഥാപിക്കുന്നത്. നബാര്‍ഡിനാണ് ചുമതല.
രണ്ടുവര്‍ഷംമുമ്പ് അനുമതിയായ പദ്ധതി ചാലക്കുടി മേഖലയില്‍ ഇപ്പോഴാണ് നിര്‍മാണം ആരംഭിച്ചത്. ഇതില്‍ പാലപ്പിള്ളി മേഖലകൂടി ഉള്‍പ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ചാലക്കുടി, മലയാറ്റൂര്‍, വാഴച്ചാല്‍ ഡിവിഷനുകളെ ബന്ധപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയില്‍ പാലപ്പിള്ളിക്കുപകരം പരിയാരത്തെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പാലപ്പിള്ളിയില്കൂടി സൗരോര്‍ജവേലി വേണമെന്നു കെ.കെ. രാമചന്ദ്രന് എംഎല്‍എ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചാലക്കുടി, മലയാറ്റൂര്‍ ഡിവിഷനുകളുമായി ചേര്‍ന്നുകിടക്കുന്ന പരിയാരമാണ് ഇത്തവണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നും തുടര്‍ന്നുവരുന്ന നബാര്‍ഡിന്റെ പദ്ധതിയില്‍ പാലപ്പിള്ളിയിലെ ആര്ആര്ടിക്കായി പുതിയ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചാലക്കുടി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
സാധാരണയില്‍നിന്നു വ്യത്യസ്തമായി തൂങ്ങിക്കിടക്കുന്നതാണ് നബാര്‍ഡിന്റെ പദ്ധതിപ്രകാരമുള്ള സൗരോര്‍ജവേലി. ഇരുമ്പുതൂണുകളുടെ മുകളിലായി ബന്ധിപ്പിച്ച കമ്പിയില്‍നിന്നു തൂക്കിയിടുന്ന സൗരോര്‍ജവേലി, അടുത്തുവരുന്ന മൃഗങ്ങളെ തുരത്തുകയാണ് ചെയ്യുന്നത്.
വന്യജീവിശല്യം രൂക്ഷമായ പാലപ്പിള്ളി, ചിമ്മിനി തോട്ടം വനംമേഖലയെ അവഗണിക്കുന്ന നിലപാടാണ് ബന്ധപ്പെട്ട അധികാരികള്‍ കൈക്കൊള്ളുന്നതെന്നു മലയോരകര്‍ഷക സംരക്ഷണസമിതി പ്രസിഡന്റ് ഇ.എ. ഓമന ആരോപിച്ചു. കാട്ടാന ആക്രമണത്തില്‍ 13 ജീവനുകള്‍ പൊലിഞ്ഞ പ്രദേശമാണ് പാലപ്പിള്ളി. കാട്ടാനശല്യത്തിനു പരിഹാരം കാണാന്‍ വനാതിര്‍ത്തികളില്‍ സോളാര്‍ വേലിയും കിടങ്ങും സ്ഥാപിക്കണമെന്നു നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. ഇതിനായി വകുപ്പുമന്ത്രിക്കുവരെ നിവേദനം നല്കി. തോട്ടം തൊഴിലാളികളും ആദിവാസിവിഭാഗങ്ങളും തിങ്ങിപ്പാര്‍ക്കുന്ന പാലപ്പിള്ളി മേഖലയിലെ കാട്ടാനശല്യത്തിന് അറുതിവരുത്താന്‍ സോളാര്‍ വേലി എത്രയും വേഗം സ്ഥാപിക്കണമെന്നും ഓമന ആവശ്യപ്പെട്ടു.