സുവോളജിക്കൽ പാർക്കിലേക്കു മൃഗങ്ങളെ മാറ്റുന്നതു വൈകും
1514570
Sunday, February 16, 2025 2:02 AM IST
പുത്തൂർ: വേനൽച്ചൂട് കനത്തതോടെ തൃശൂർ മൃഗശാലയിൽനിന്നു സുവോളജിക്കൽ പാർക്കിലേക്കു പക്ഷിമൃഗാദികളെ മാറ്റുന്നതു വൈകും.
കഴിഞ്ഞ ഡിസംബർ അഞ്ചിന് സുവോളജിക്കൽ പാർക്ക് സന്ദർശിച്ച റവന്യൂ മന്ത്രി കെ. രാജൻ മാർച്ച് മാസത്തോടെ പക്ഷിമൃഗാദികളെ മാറ്റൽ പൂർത്തിയാക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, 39 പക്ഷികളെയും 38 മാനുകളെയുമാണ് ഇതുവരെ മാറ്റാനായത്. മഴ പെയ്തുതുടങ്ങിയാൽമാത്രമേ ഇനി മാറ്റം നടക്കുകയുള്ളൂ.
തിരുവനന്തപുരം മൃഗശാലയിൽനിന്നു കാട്ടുപോത്ത് ഉൾപ്പെടെയുള്ള മൃഗങ്ങളെയും നെയ്യാർ വന്യജീവിസങ്കേതത്തിൽനിന്നുള്ള മൃഗങ്ങളെയും മാറ്റാനുള്ള നടപടികളും ഇതിനൊപ്പം നടക്കും.ആറു ഘട്ടങ്ങളിലായുള്ള നിര്‍മാണത്തിന്റെ ഒന്നാംഘട്ടത്തിലെ നാല് ആവാസയിടങ്ങളും പൂര്‍ണസജ്ജമായി. പക്ഷികൾ, സിംഹവാലന്‍കുരങ്ങ്, കരിങ്കുരങ്ങ്, കാട്ടുപോത്ത് എന്നിവയ്ക്കുള്ള ആവാസയിടങ്ങളുടെ നിര്‍മാണമാണ് പൂര്‍ത്തിയായത്.
രണ്ടാംഘട്ടത്തില്‍ നിര്‍മിക്കുന്ന ബയോഡൈവേഴ്സിറ്റി സെന്റര്‍, ചീങ്കണ്ണി, കലമാന്‍, പുള്ളിമാന്‍, പന്നിമാൻ, കൃഷ്ണമൃഗം, പുലി, കടുവ, സിംഹം എന്നിവയ്ക്കുള്ള ആവാസവ്യവസ്ഥകളുടെ സിവില്‍ വര്‍ക്കുകളും പൂര്‍ത്തിയായി. ബയോഡൈവേഴ്സിറ്റി സെന്ററിലെ ആവാസവ്യവസ്ഥയുടെ നിര്‍മാണജോലികള്‍ മാര്‍ച്ചോടെ പൂര്‍ത്തിയാകും. പാര്‍ക്കിംഗ് ഗ്രൗണ്ട്, റിസപ്ഷന്-ഓറിയന്റേഷന്‍ കേന്ദ്രം എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി.
ചുറ്റുമതിലിന്റെയും നാലു കിലോമീറ്റര്‍ ദൂരത്തിലുള്ള സര്‍വീസ് റോഡിന്റെയും ആറു കിലോമീറ്റര്‍ വരുന്ന സന്ദര്ശകപാതയുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. അഡീഷണല്‍ സര്‍വീസ് റോഡ് ഈമാസം പൂര്‍ത്തിയാകും. ജലശുദ്ധീകരണ പ്ലാന്റും വൈദ്യുതി സബ്സ്റ്റേഷനും ഇതിനകം കമ്മീഷന് ചെയ്തുകഴിഞ്ഞു.