മണലൂരില്‍ വീട് ഭാഗികമായി കത്തി
1497650
Thursday, January 23, 2025 2:01 AM IST
കാഞ്ഞാണി: മണലൂര്‍ പുത്തനങ്ങാടിയില്‍ വീട് ഭാഗികമായി കത്തിനശിച്ചു. മുല്ലശ്ശേരി വീട്ടില്‍ രവി വാടകയ്ക്കു താമസിക്കുന്ന ഓട് പാകിയ വീടിനാണു തീപിടിച്ചത്. ബുധനാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. കാഞ്ഞാണി ബസ് സ്റ്റാന്‍ഡില്‍ പ്രസ് ക്ലബിനു സമീപം റൂം വാടകയ്ക്കെടുത്ത് ചെരുപ്പും ബാഗുകളും നന്നാക്കി ഉപജീവനം നടത്തുന്നയാളാണ് രവി. രവിയും ഭാര്യ പ്രിയയും ജോലിക്കായും മൂന്ന് മക്കള്‍ സ്കൂളിലേക്കും പോയ നേരത്താണ് വീടിനു തീപിടിച്ചത്.
കൂട്ടിയിട്ട വിറകിലേക്കു തീപടര്‍ന്ന് ആളിക്കത്തുന്നത് സമീപ വീട്ടുകാരാണു കണ്ടത്. ഉടന്‍ അയല്‍വാസി മോട്ടോര്‍ ഓണ്‍ചെയ്ത് വെള്ളമടിച്ച് തീ കെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി. നാട്ടികയില്‍നിന്ന് അഗ്നിസുരക്ഷാസേനയും എത്തിയിരുന്നു. വീടിന്റെ മേല്‍ക്കൂരയും മക്കളുടേതടക്കം വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും വൈദ്യുതി ഉപകരണങ്ങളും കത്തിനശിച്ചു. ജനല്‍ചില്ലുകള്‍ പൊട്ടിത്തെറിച്ചു.
അഗ്നിസുരക്ഷാസേന വീട്ടിലെ പാചകവാതക സിലിണ്ടര്‍ പുറത്തെത്തിച്ച് അപകടം ഒഴിവാക്കി. വൈദ്യുതി ഷോര്‍ട്ട്സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് നിഗമനം. സുധീര്‍ എന്നയാളുടേതാണ് വീട്. ആറു വര്‍ഷമായി രവി ഈ വീട്ടില്‍ വാടകയ്ക്കു താമസിച്ചുവരികയായിരുന്നു.