തുടക്കത്തിൽ തെരഞ്ഞെടുപ്പ് നടന്നത് ഒന്നിച്ച്: തരൂർ 4 മീറ്റ് വിത്ത് തരൂർ പരിപാടി സംഘടിപ്പിച്ചു
1466655
Tuesday, November 5, 2024 2:50 AM IST
ചേലക്കര: മീറ്റ് വിത്ത് തരൂർ പരിപാടിയിൽ ജനങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിച്ച് മുൻ കേന്ദ്രമന്ത്രി ശശി തരൂർ എംപി. ചോദ്യങ്ങളോട് അസഹിഷ്ണുത തോന്നിയിട്ടുണ്ടോ എന്നായിരുന്നു ആദ്യചോദ്യം. അഭിഭാഷകയായ കെ.എ. ഷബ്നയുടെ ചോദ്യത്തിനു പുഞ്ചിരിയോടെ മറുപടി: സാധാരണക്കാരനായ മനുഷ്യനാണു ഞാൻ. എല്ലായ്പ്പോഴും എല്ലാവരെയുംപോലെ പ്രതികരിക്കും. ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടാറില്ല.
ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചേലക്കര സൗഹൃദകൂട്ടായ്മ ജാനകി റാം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ വിഷയങ്ങളോട് തരൂർ പ്രതികരിച്ചു.
ഇന്ത്യയുടെ തുടക്കത്തിൽ എല്ലാ തെരഞ്ഞെടുപ്പും ഒന്നിച്ചായിരുന്നു. ജനാധിപത്യസംവിധാനത്തിൽ ഭൂരിപക്ഷം നഷ്ടമാകുന്പോൾ പല സർക്കാരുകളും ഇടയ്ക്കു വീണു. അപ്പോൾ രണ്ടാമതും തെരഞ്ഞെടുപ്പു വേണ്ടിവന്നു. ഈ സംവിധാനമാണു വ്യത്യസ്ത തെരഞ്ഞെടുപ്പു നടക്കാൻ ഇടയാക്കിയത്. യഥാർഥത്തിൽ ഇതാണു ജനാധിപത്യമെന്നും തരൂർ ഒരു ചോദ്യത്തിന് മറുപടി നൽകി.
നാലുവർഷബിരുദം നടപ്പാക്കുന്പോൾ ഗുണമാണോ ദോഷമാണോ എന്നായിരുന്നു മഹാജൂബിലി ട്രെയിനിംഗ് കോളജ് പ്രിൻസിപ്പലായ ഫാ. ചാക്കോ ചിറമ്മലിന്റെ ചോദ്യം. നാലുവർഷ ഡിഗ്രിയെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ടെന്നും മറ്റു സംസ്ഥാനങ്ങൾ വേഗത്തിൽ നടപ്പാക്കുന്പോൾ നാം പിന്നോട്ടുപോകരുതെന്നും തരൂർ മറുപടിപറഞ്ഞു.
അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നിവ കോർത്തിണക്കി വണ്ഹെൽത്ത് പദ്ധതി കേരളത്തിനു ഗുണംചെയ്യും. ആയുർവേദ വെൽനെസ് മേഖല ഗുണകരമാണ്. രാത്രികളിൽ സ്ത്രീകളുടെ സുരക്ഷയ്ക്കു കൂടുതൽ വെളിച്ചം എല്ലായിടത്തുമെത്തണം. ജോലിസ്ഥലങ്ങളിൽ കർശനമായ സുരക്ഷയൊരുക്കണം. പ്രശ്നബാധിതമേഖലകളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും വിദ്യാർഥിനികളുടെ ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
അഡ്വ. എൽദോ പൂക്കുന്നേൽ മോഡറേറ്ററായി. അജിത്ത് താന്നിക്കൽ, മോജുമോഹൻ, ഗോകുൽ തുടങ്ങിയവർ നേതൃത്വം നൽകി.