ഇന്നാണ്... ഇന്ന്...ഇന്ന്... പ്രതീക്ഷയോടെ ഭാഗ്യാന്വേഷികൾ
1460050
Wednesday, October 9, 2024 8:47 AM IST
തൃശൂർ: നഗരമെന്നോ നാട്ടിൻപുറമെന്നോ വ്യത്യാസമില്ലാതെ പ്രതീക്ഷകളോടെ ഭാഗ്യാന്വേഷികൾ ഇന്നത്തെ ഓണം ബന്പർ എടുത്തു കാത്തിരിക്കുന്നു. ഇന്നുച്ചകഴിഞ്ഞ് രണ്ടിനാണ് ഇത്തവണത്തെ കേരള സർക്കാരിന്റെ ഓണം ബന്പർ ഭാഗ്യക്കുറി നറുക്കെടുപ്പ്.
നറുക്കെടുപ്പിനുമുൻപുള്ള അവസാനമണിക്കൂറുകളിൽ ഓണം ബന്പർ വില്പനയുടെ ക്ലൈമാക്സ് പൊടിപൂരമാകുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
സംസ്ഥാനത്ത് ഇതുവരെ 70 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുതീർന്നത്. ഒന്നാംസമ്മാനം 25 കോടി രൂപയാണ്. ലക്ഷക്കണക്കിനു സമ്മാനങ്ങൾ വേറെ. 500 രൂപയാണ് ടിക്കറ്റ് വില.
ലോട്ടറി കച്ചവടക്കാർ ഹാപ്പിയാണ്
നല്ല കച്ചവടമാണ് ഇത്തവണയെന്നു തൃശൂർ നഗരത്തിൽ വർഷങ്ങളായി ലോട്ടറി വിൽക്കുന്ന വർഗീസേട്ടൻ പറയുന്നു. ലോട്ടറി എടുക്കുന്ന ശീലമില്ലാത്തവർവരെ ഓണം ബന്പർ എടുക്കുന്നുണ്ട്. 500 രൂപ ടിക്കറ്റ് തുക ഷെയർ ചെയ്തും ഒറ്റയ്ക്കും വാങ്ങുന്നവർ നിരവധിയാണ്. കേരളത്തിലുള്ളവർക്കു പുറമേ ഇതരസംസ്ഥാനതൊഴിലാളികളും ധാരാളമായി ഓണം ബന്പർ വാങ്ങിയിട്ടുണ്ട്.
കോടി കിട്ടാൻ ഒറ്റക്കെട്ട്
ഞങ്ങൾ പത്തുപേർ ചേർന്ന് 50 രൂപ വീതമിട്ട് 500 ന്റെ ഒരു ടിക്കറ്റ് എടുത്തു. കിട്ടുമെന്നാണ് പ്രതീക്ഷ. മണിക്കൂറുകൾ എണ്ണി കാത്തിരിക്കുന്നു തൃശൂർ നഗരത്തിലെ ഷോപ്പിംഗ് മാളിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു.
ഇത്തരത്തിൽ 50 രൂപയും 100 രൂപയും ഷെയറിട്ട് ഓണം ബന്പർ വാങ്ങിയവരും നിരവധിയാണ്. ഒറ്റയ്ക്ക് 500 രൂപ മുടക്കി ടിക്കറ്റ് എടുത്തവരും ധാരാളം.
ഇന്ത വാട്ടി നമ്മ ഊരുക്കു താൻ ഉങ്ക ഓണം ബന്പർ
എന്നുവച്ചാൽ, ഇത്തവണ ഓണം ബന്പർ ഒന്നാംസമ്മാനം തങ്ങൾ കൊണ്ടുപോകും എന്നാണ് തമിഴ്നാട്ടുകാർ പറയുന്നത്. തൃശൂർ നഗരത്തിലും പരിസരത്തുമുള്ള നിരവധി തമിഴ് തൊഴിലാളികൾ തങ്ങൾക്കുമാകാം കോടീശ്വരൻ എന്ന പ്രതീക്ഷയിൽ ഓണം ബന്പർ എടുത്തുകൂട്ടിയിട്ടുണ്ട്. മുൻവർഷങ്ങളിൽ തമിഴ്നാടിനു ബന്പറടിച്ചിട്ടുള്ളതാണ് ഇവർക്കു പ്രതീക്ഷ നൽകുന്നത്. തമിഴ് തൊഴിലാളികളും ഷെയറിട്ടും അല്ലാതെയും ടിക്കറ്റുകൾ വാങ്ങിവച്ചിട്ടുണ്ട്.
ന്യൂജെൻ പിള്ളേർക്കും പ്രിയമേറെ
ഒരു രസം, കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ... പുതിയ തലമുറ ഓണം ബന്പർ ലോട്ടറി എടുക്കുന്നത് അടിച്ചാൽ അടിച്ചു, ഇല്ലെങ്കിൽ പോട്ടെ എന്ന അലസമട്ടിലാണ്. എങ്കിലും ലോട്ടറി വാങ്ങുന്ന ചെറുപ്പക്കാർ ധാരാളം ഉണ്ടെന്നു കച്ചവടക്കാർ പറയുന്നു. എന്തുകൊണ്ട് ലോട്ടറി വാങ്ങുന്നു എന്നു പുതിയ തലമുറയോടു ചോദിച്ചപ്പോൾ, അടിച്ചാൽ കോളടിച്ചില്ലേ ചേട്ടാ എന്നായിരുന്നു മറുചോദ്യം. ലോട്ടറി അടിച്ചാലോ എന്ന ചോദ്യത്തിന്, അടിച്ചുപൊളിക്കും എന്ന് ഉടൻ ഉത്തരം.
വീട്ടമ്മമാരുടെ സ്വപ്നങ്ങൾക്കു കോടിത്തിളക്കം
വെറുതേ ലോട്ടറി എടുക്കുന്നതല്ല കേരളത്തിലെ വീട്ടമ്മമാർ. പ്രത്യേകിച്ച് ഓണം - വിഷു ബന്പറുകൾ.അക്കമിട്ടുനിരത്തിയ ഒരുപാടു കാര്യങ്ങൾ അവർക്കു ചെയ്തുതീർക്കാനുണ്ട് ലോട്ടറി അടിച്ചാൽ...!
വീട്ടുകാര്യങ്ങൾമുതൽ മക്കളുടെ കല്യാണം തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത പ്രതീക്ഷകളാണ് 500 രൂപയുടെ ലോട്ടറിടിക്കറ്റിനുമേൽ വീട്ടമ്മമാർ ചേർത്തുവയ്ക്കുന്നത്. മിച്ചംപിടിച്ച് എടുത്തുവച്ച പൈസകൊണ്ട് ലോട്ടറി വാങ്ങിയ വീട്ടമ്മമാരുമുണ്ട്.
അങ്ങനെ എല്ലാവരും കാത്തിരിക്കുകയാണ്... ഇന്ന് ഉച്ചകഴിഞ്ഞ് അറിയാം... ആരുടെയെല്ലാം സ്വപ്നങ്ങൾക്ക്, ആരുടെയെല്ലാം പ്രതീക്ഷകൾക്കു കോടികളുടെ തിളക്കം കിട്ടിയെന്ന്...
അപ്പോൾ ലോട്ടറി എടുത്ത എല്ലാ ഭാഗ്യാന്വേഷികൾക്കും ഓൾ ദി ബെസ്റ്റ്!!!
സ്വന്തം ലേഖകൻ