കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് നാളെ, വിവാദച്ചൂടൊഴിയാതെ കേരളവർമ
1460049
Wednesday, October 9, 2024 8:47 AM IST
തൃശൂർ: കഴിഞ്ഞതവണ റീകൗണ്ടിംഗ് വിവാദത്തിൽ ശ്രീത്വം നഷ്ടപ്പെട്ടു തലകുനിച്ച ശ്രീകേരളവർമകോളജ് വീണ്ടുമൊരു യൂണിയൻ തെരഞ്ഞെടുപ്പിനു കച്ചമുറുക്കുന്നു. ഇതുവരെ സ്ഥിതി ശാന്തം. ബാലറ്റിലേക്ക് ഇനി മണിക്കൂറുകൾമാത്രം.
ഇത്തവണ വിവാദങ്ങൾക്കിടനല്കാതെ തെരഞ്ഞെടുപ്പുപ്രക്രിയകൾ പൂർത്തിയാക്കാനാണ് വിദ്യാർഥിസംഘടനകളും കോളജ് മാനേജ്മെന്റും ശ്രമിക്കുന്നത്. എന്നാൽ കഴിഞ്ഞതവണത്തെ അട്ടിമറിശ്രമങ്ങൾ ഇത്തവണത്തെ ഇലക്ഷനിൽ അനുകൂലമോ പ്രതികൂലമോ ആകുമെന്ന ആശങ്കയിലും പ്രതീക്ഷയിലുമാണു സംഘടനകൾ.
കഴിഞ്ഞവർഷം വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ചെയർമാൻസ്ഥാനത്തേക്കു കെഎസ്യുവിനായിരുന്നു ജയം. എന്നാൽ റീകൗണ്ടിംഗിൽ വിജയം എസ്എഫ്ഐ കരസ്ഥമാക്കി. ഇതോടെ റീ കൗണ്ടിംഗ് സമയത്തു വൈദ്യുതി നിലച്ചെന്നും ഉന്നതഇടപെടൽ ഉണ്ടായെന്നും ആരോപണമുയർന്നു. ഇതോടെ വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നാവശ്യപ്പെട്ട് കെഎസ്യു ചെയർപേഴ്സൺസ്ഥാനാർഥിയായിരുന്ന എസ്. ശ്രീക്കുട്ടൻ ഹൈക്കോടതിയെ സമീപിച്ചു.
തുടർന്നു വോട്ടണ്ണലിലെ അപാകതകൾ കണ്ടെത്തിയ ഹൈക്കോടതി എസ്എഫ്ഐ ചെയർപേഴ്സന്റെ വിജയം റദ്ദാക്കിയിരുന്നു. ഹൈക്കോടതിനിർദേശമനുസരിച്ചു വീണ്ടും റീ കൗണ്ടിംഗ് നടത്തിയാണ് എസ്എഫ്ഐ സ്ഥാനാർഥിയെ വിജയിയായി പ്രഖാപിച്ചത്. സംഭവം വിവാദമായിരുന്നു. കേരളവർമയിലെ ചില അധ്യാപകരും മാനേജ്മെന്റും ആരോപണവിധേയരുമായിരുന്നു.
അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ശാന്തമായി പൂർത്തിയാക്കാനുള്ള ശ്രമമാണ് കോളജിൽ നടക്കുന്നത്. ഇത്തവണ ഫിലോസഫി വിഭാഗം വിദ്യാർഥി എസ്. അനുരാഗാണ് കെഎസ്യു ചെയർപേഴ്സൺ സ്ഥാനാർഥി. പിജി രണ്ടാംവർഷ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിനി ഗോപിക നന്ദനയാണ് എസ്എഫ്ഐയുടെ സ്ഥാനാർഥി.
കോളജിൽ കെഎസ്യുവിനുവേണ്ടി വോട്ടഭ്യർഥിക്കാൻ കഴിഞ്ഞതവണത്തെ കെഎസ്യു സ്ഥാനാർഥി കാഴ്ചപരിമിതനായ എസ്. ശ്രീക്കുട്ടനും എത്തിയിരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമാണു സ്ഥാനാർഥിപ്രഖ്യാപനം നടത്തിയത്. സംസ്ഥാനപ്രസിഡന്റ് കെ. അനുശ്രീ എസ്എഫ്ഐ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. പിജി വിദ്യാർഥി ടി.കെ. അനന്തകൃഷ്ണനാണ് എഐഎസ്എഫ് ചെയർപേഴ്സൺ സ്ഥാനാർഥി.
കാലിക്കട്ട് സർവകലാശാലയ്ക്കു കീഴിലുള്ള സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിങ്ങനെ അഞ്ചു ജില്ലകളിലായുള്ള 421 കോളജുകളിൽ നാളെ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണു വോട്ടെടുപ്പ്. ഉച്ചതിരിഞ്ഞു രണ്ടുമുതൽ വോട്ടെണ്ണൽ ആരംഭിക്കും. തുടർന്ന് ഫലപ്രഖ്യാപനവുമുണ്ടാകും.