രണ്ടു പതിറ്റാണ്ടായി ചെങ്ങാലൂരില്‍; ഒടുവിൽ ശ്രീലങ്കക്കാരിക്ക് ഇന്ത്യൻ പൗരത്വം
1459766
Tuesday, October 8, 2024 8:09 AM IST
പുതുക്കാട്: 20 വര്‍ഷം ചെങ്ങാലൂരില്‍ ജീവിച്ച സുജീവയ്ക്ക് ഒടുവില്‍ ഇന്ത്യന്‍ പൗരത്വമായി. ചെങ്ങാലൂര്‍ അരോടി ബൈജുവിന്റെ ഭാര്യ കൊളംബോ സ്വദേശി ക്രന്ദുഗോഡ കങ്കണങ്കെ ലലാനി സുജീവ(50)യ്ക്കാണ് ഇന്ത്യന്‍ പൗരത്വമായത്. ഇന്നലെ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് പൗരത്വരേഖ കൈമാറി.
മസ്കറ്റില്‍ ഗാര്‍മന്റ് ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന ബൈ ജുവും സുജീവയും 2001-ല്‍ ശ്രീലങ്കയില്വച്ചാണ് വിവാഹിതരായത്. 2004-ല്‍ ഇവര്‍ ബൈജുവിന്റെ നാടായ ചെങ്ങാലൂരിലെത്തി. തുടര്‍ന്ന് 20 വര്‍ഷം വിസ പുതുക്കിയുള്ള ജീവിതമായിരുന്നു. ബൈജു നാട്ടില്‍തന്നെ ചുമട്ടുതൊഴിലാളിയായി. ഇവരുടെ മകന് അമൃത് കൃഷ്ണയ്ക്കു 13 വയസായി.
2020-ല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ നാട്ടുകാരിയും സുഹൃത്തുമായ രശ്മി ശ്രീശോഭ് സ്ഥാനാര്‍ഥിയായപ്പോഴാണ് സുജീവയുടെ പൗരത്വപ്രശ്നം ശ്രദ്ധയില്‍പ്പെട്ടത്.
കൂട്ടുകാരിക്കു വോട്ടുചെയ്യാനാവാത്ത വിഷമംപറഞ്ഞ സുജീവയോട് രശ്മി സിറ്റിസൺഷിപ്പ് പോര്‍ട്ടലില്‍ അപേക്ഷിക്കാന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഓഫീസുമായി ബന്ധപ്പെട്ടു. മന്ത്രിയുടെ ഓഫീസില്‍നിന്നും ഇടപെടലുണ്ടായെന്നു സുജീവ പറഞ്ഞു.
പിന്നെയും നാലുവര്‍ഷം കാത്തിരിപ്പ്. ഇതിനിടെ കളക്ടറേറ്റില്‍നിന്നും കേന്ദ്രമന്ത്രാലയത്തില്നിന്നും അറിയിപ്പുകള് എത്തി. കളക്ടറേറ്റില്‍ സത്യവാങ്ങ് മൂലം നല്കിയതും ചെന്നൈയില്‍ പോയി പാസ്പോര്‍ട്ട് സമര്‍പ്പിച്ചതും സംശയിച്ചായിരുന്നുവെന്നു സുജീവ പറയുന്നു. മറ്റു രേഖകളൊന്നും സ്വന്തമായില്ലാതിരുന്ന സുജീവയ്ക്കു കഴിഞ്ഞദിവസം കളക്ടറേറ്റില്‍നിന്നുള്ള വിളി എത്തിയപ്പോഴാണ് ആശ്വാസമായത്.
ഭര്‍ത്താവിനും മകനും പുതുക്കാട് പഞ്ചായത്തംഗമായ രശ്മിക്കുമൊപ്പം കളക്ടറേറ്റിലെത്തിയാണ് സുജീവ പൗരത്വരേഖ ഏറ്റുവാങ്ങിയത്.