കോൺഗ്രസിൽ തർക്കം : ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരേ അവിശ്വാസപ്രമേയത്തിനു നോട്ടീസ്
1458917
Friday, October 4, 2024 7:07 AM IST
ചാലക്കുടി: കോൺഗ്രസ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് ലീന ഡേ വിസിനെതിരെ അഞ്ചു കോൺഗ്രസ് അംഗങ്ങൾ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകി. ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കാണ് നോട്ടീസ് നൽകിയത്. വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് കോൺഗ്രസിലെ തർക്കമാണ് കാരണം. ലീന ഡേവിസ് രാജിവച്ച് വൈസ് പ്രസിഡന്റ്സ്ഥാനം വനജ ദിവാകരന് നൽ കണമെന്നാണ് ആവശ്യം.
ഡിസിസി തലത്തിൽ ഉണ്ടാക്കിയ കരാറിൽ അഞ്ചുവർഷം വൈസ് പ്രസിഡന്റു സ്ഥാനം ഐ വിഭാഗത്തിലെ ലീന ഡേവിസിനാണ് തീരുമാനിച്ചിരിക്കുന്നത്. എ വിഭാഗത്തിലെ വനജ ദിവാകരന് അഞ്ചുവർഷം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനവും നൽകാൻ ധാരണയുണ്ടായിരുന്നു. എന്നാൽ ധാരണ പാലിക്കാൻ കഴിഞ്ഞില്ല.
ഒടുവിൽ അവസാനത്തെ ഒന്നരവർഷം വൈസ് പ്രസിഡന്റ് സ്ഥാനം വനജയ്ക്ക് നൽകാമെന്ന് പാർട്ടിയിലെ നേതാക്കൾ ഉറപ്പുനൽകിയിരുന്നു. കരാർപ്രകാരം ലീന ഡേവിസ് താൻ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ്.
ഇതോടെയാണ് അഞ്ചുപേർ അവിശ്വാസത്തിന് നോട്ടീസ് നൽകിയത്. 13 അംഗബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസിന് എട്ടും എൽഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. പ്രശ്നം പരിഹരിക്കാൻ ഡിസിസി നേതൃത്വം ഇടപെടാത്തതിനെത്തുടർന്നാണ് അവിശ്വാസപ്രമേയത്തിലേക്ക് എത്തിയത്.