"തണല്‍' കെട്ടിടം നാലുവര്‍ഷമായി പ്രവർത്തിക്കുന്നില്ല; വയോജനങ്ങൾ പ്രതിഷേധിച്ചു
1458436
Wednesday, October 2, 2024 7:56 AM IST
അളഗപ്പനഗര്‍: ഗ്രാമപഞ്ചായത്തിലെ പയ്യാക്കര വാര്‍ഡിലെ തണല്‍ കെട്ടിടം തുറന്നുപ്രവര്ത്തിക്കാത്തതിനെതിരെ വയോജനങ്ങളുടെ പ്രതിഷേധം. പൂട്ടിയിട്ട കെട്ടിടത്തിനു മുന്പില് പ്ലക്കാര്‍ഡുമായാണു പ്രതിഷേധം നടത്തിയത്. 2020ല്‍ ഉദ്ഘാടനം കഴിഞ്ഞ കെട്ടിടം വയോജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക, മാസസികോല്ലാസത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കുക, വൈദ്യുതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വൈദ്യുതി പോലും രണ്ടുമാസമായി വിച്ഛേദിച്ചിരിക്കുകയാണ്. പലതവണ അധികൃതരെ ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയുണ്ടായില്ലെന്നു പ്രതിഷേധ പരിപാടികള്‍ക്കു നേതൃത്വം നല്കിയ ബ്ലോക്ക് പഞ്ചായത്ത് അംഗം ടെസി വില്സന് പറഞ്ഞു. കെ.വി. സണ്ണി, ഉഷ ഉണ്ണി എന്നിവര്‍ സംസാരിച്ചു.
അതേസമയം, തണല്ക്കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാത്തതിനെതിരെ വാര്‍ഡില്‍ നടന്ന പ്രതിഷേധക്കൂട്ടായ്മ രാഷ്ട്രീയപ്രേരിതമാണെന്നു പഞ്ചായത്ത് അംഗം ജിജോ ജോണ്‍ ആരോപിച്ചു.
തണല്‍ സംഘനയില്‍ ഉള്‍പ്പെട്ട മൂന്നുപേർ മാത്രമാണു പ്രതിഷേധത്തില്‍ പങ്കെടുത്തത്. മറ്റുള്ളവര്‍ തണല്‍ സംഘടനയില്‍ ഉള്പ്പെടുത്താത്തവരാണെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.
പുതിയ ഭരണസമിതിയോടുള്ള വിദ്വേഷമാണു പ്രതിഷേധ പരിപാടി.
തണല്‍ കെട്ടിടത്തിന്റെ പ്രവര്‍ത്തനങ്ങളും താക്കോലും തണല്‍ ഭാരവാഹികള്‍ തന്നെയാണു കൈകാര്യം ചെയ്യുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പഞ്ചായത്ത് അംഗത്തെ ആക്ഷേപിക്കാനും രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടി പ്രതിഷേധം നടന്നതെന്നും പഞ്ചായത്ത് അംഗം ജിജോ ജോണ്‍ കുറ്റപ്പെടുത്തി.