തോടുകളിലെ കൈയേറ്റം; ചെറിയ മഴയില്‍പോലും വെള്ളക്കെട്ട് രൂക്ഷം
1458066
Tuesday, October 1, 2024 7:22 AM IST
ഇരിങ്ങാലക്കുട: ടൗണ്‍ പ്രദേശത്ത് ചെറിയ മഴ പെയ്താല്‍ പോലും ഉണ്ടാകുന്ന വെള്ളക്കെട്ടിനു ശാശ്വതപരിഹാരം ഉണ്ടാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ക്രൈസ്റ്റ് നഗര്‍ റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ഏകദിന നിരാഹാരസമരം നടത്തും.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നഗരസഭക്കു മുന്നിലും സമരം നടത്തുമെന്നും അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ പ്രദേശത്തുകൂടെ ഒഴുകുന്ന പെരുംതോടിന്റെ വീതി രേഖകളില്‍ ആറു മീറ്ററാണ്. എന്നാല്‍, ഈ തോടിനു പലയിടത്തും കൈയേറ്റംമൂലം മൂന്നു മീറ്ററില്‍ താഴെയാണു വീതി. ഇതുമൂലം മഴവെള്ളം ഒഴുകിപ്പോകുവാന്‍ സാധിക്കാത്തിനാല്‍ വെള്ളക്കെട്ടു രൂക്ഷമാകുന്ന സ്ഥിതിയാണുള്ളത്.
ക്രൈസ്റ്റ് കോളജ് പരിസരത്തുനിന്നു വരുന്ന മഴവെള്ളം പ്രതീക്ഷഭവന് റോഡ് വരെ ശക്തിയായി ഒഴുകിയെത്തുന്നു. തുടര്‍ന്ന് 200 മീറ്ററോളം കാനയില്ലാത്തതിനാല്‍ റോഡിലും വീടുകളിലും വെള്ളം കയറുന്നതു കാലങ്ങളായി തുടരുകയാണ്. കാനപണി കഴിഞ്ഞ സ്ഥലത്ത് സ്ലാബ് ഇടാത്തതുമൂലം കാല് നടയാത്രക്കാരും മറ്റും അപകടങ്ങളില്‍പ്പെടുന്ന അവസ്ഥയാണ്. കോളജില്‍ പഠിക്കുന്ന നൂറുകണക്കിനു വിദ്യാര്‍ഥികള്‍ ദിവസവും നടന്നുപോകുന്ന വഴിയാണിത്.
പാറപ്പുറം കുളത്തിലേക്കു വെള്ളം ഒഴുകിവരുന്ന തോടിന്റെ വീതി മൂന്നുമീറ്ററാണ്. എന്നാല്‍, പാറപ്പുറം കുളം മുതല്‍ പെരുംതോടുവരെ തോടില്ലാത്ത അവസ്ഥയാണ്.ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ നിരാഹാര സത്യഗ്രഹം നടക്കും. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്യും. റസിഡൻസ് അസോസിയേഷന് പ്രസിഡന്റ് തോംസണ്‍ ചിരിയന്‍കണ്ടത്ത് അധ്യക്ഷത വഹിക്കും.
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, പ്രതീക്ഷ ഭവന് സുപ്പീരിയര്‍ സിസ്റ്റര്‍ സീമ പോള്‍, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ആര്. വിജയ, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സന്തോഷ് ബോബന്, അസോസിയേഷന് സെക്രട്ടറി ഷാജു അബ്രാഹം കണ്ടംകുളത്തി, ട്രഷറര്‍ മാത്യു ജോര്‍ജ്, പൊതു പ്രവര്‍ത്തകരായ ഷാജു വാവക്കാട്ടില്‍, സിസ്റ്റര്‍ റോസ് ആന്റോ, രാജു പാലത്തിങ്കല്‍, ജീസ് ലാസര്‍, വിന്‍സന്റ് കണ്ടംകുളത്തി തുടങ്ങിയവര്‍ സംസാരിക്കും.