ഇളകിയാടുന്ന കെട്ടിടങ്ങളിൽ പുലിക്കളികാണാൻ കയറല്ലേ...
1453982
Wednesday, September 18, 2024 1:28 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ഇളകിയാടുന്ന പുലിക്കൂട്ടങ്ങളെ കാണാൻ കെട്ടിടങ്ങളുടെമുകളിൽ കയറുന്നവരുടെ ശ്രദ്ധയ്ക്ക്... നഗരത്തിലെ കെട്ടിടങ്ങൾ പലതും ഇളകിയാടുന്നവയാണ്. എപ്പോൾ വേണമെങ്കിലും തകർന്നുവീഴാം. ഏന്തിവലിച്ചുകയറി പണി വാങ്ങേണ്ട.
തൃശൂർ റൗണ്ടിലും പരിസര പ്രദേശങ്ങളിലുമായി 157ലധികം ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളുണ്ടെന്നാണ് എട്ടു വർഷംമുന്പേ ഫയർഫോഴ്സ് ജില്ലാ ഭരണകൂടത്തിനു കൈമാറിയ റിപ്പോർട്ട്. ഇതിൽ പലതും ഇടിഞ്ഞുവീണുകഴിഞ്ഞു. തലനാരിഴയ്ക്കാണു ആളുകൾ രക്ഷപ്പെട്ടത്. ഹൈറോഡിലെ കെട്ടിടം ഇടിഞ്ഞുവീണതാണ് ഒടുവിലത്തെ സംഭവം. അതിനുമുന്പേ കുറുപ്പം റോഡിലുള്ള ഒരു പഴയ കെട്ടിത്തിന്റെ മുകളിലത്തെനിലയിൽനിന്നു ചില്ലുപാളി വീണ് ഒരാൾക്ക് പരിക്കേറ്റിരുന്നു.
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾക്ക് സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് മേയർ പറഞ്ഞത് വിവാദമായിരുന്നു. കെട്ടിടങ്ങളുടെ കൃത്യമായ കണക്ക് കോർപറേഷന്റെ മേശപ്പുറത്തുള്ളപ്പോൾ ഇത്തരം പ്രസ്താവനകൾ ആളുകളുടെ കണ്ണിൽപൊടിയിടാനാണെന്നായിരുന്നു ആക്ഷേപം. തകർച്ചാഭീഷണി നേരിടുന്ന പല കെട്ടിടങ്ങളും കോർപറേഷൻ ഒത്താശയോടെ എസിപി പാനലിംഗ് നടത്തി അണിയിച്ചൊരുക്കുന്നതായും ആക്ഷേപമുണ്ട്. ഹൈറോഡിൽ തകർന്നുവീണ കെട്ടിടത്തിനു സമീപത്തെ പഴയ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തിയത് പ്രതിഷേധത്തെ തുടർന്ന് കോർപറേഷൻ ഇടപെട്ടു നിർത്തിവയ്പ്പിച്ചിരുന്നു. അപകടാവസ്ഥയിലുള്ള 144 കെട്ടിങ്ങളുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.
എല്ലാവർഷവും തൃശൂർപൂരവും പുലിക്കളിയും വരുന്പോഴാണ് ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളെക്കുറിച്ച് ഭരണനേതൃത്വവും ഉദ്യോഗസ്ഥരും ആലോചിക്കുന്നത്. പൂരവും വെടിക്കെട്ടും പുലിക്കളിയും കാണാൻ ഇത്തരം കെട്ടിടങ്ങളിൽ കയറരുതെന്നും പരിസരങ്ങളിൽ നിൽക്കരുതെന്നും മുന്നറിയിപ്പു നല്കുകയാണു പതിവ്. ഇത്തവണയും ഇതുസംബന്ധിച്ചു പോലീസ് മുന്നറിയിപ്പുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാതെ നിർമിച്ച കെട്ടിടങ്ങളിൽ പ്രവേശിക്കരുതെന്നും സൂചിപ്പിച്ചിട്ടുണ്ട്.